ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മൂന്ന് താരങ്ങളുടെ ബൗളിങ് ആക്ഷൻ സംശയത്തിൽ. ദീപക് ഹൂഡ, സൗരഭ് ദൂബെ, കെ സി കാരിയപ്പ എന്നിവരുടെ ബൗളിങ്ങാണ് ബിസിസിഐ പരിശോധന നടത്തുന്നത്. താരങ്ങളുടെ ബൗളിങ്ങ് നിയമവിരുദ്ധമായ രീതിയിലാണെന്നാണ് ബിസിസിഐ കണ്ടെത്തൽ. അതിനിടെ മനീഷ് പാണ്ഡെ, ശ്രീജിത്ത് കൃഷ്ണൻ എന്നീ താരങ്ങളെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ബൗളിങ്ങിൽ നിന്ന് വിലക്കി. ക്രിക് ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ദീപക് ഹൂഡ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിനെ പുറമെ അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫ് സ്പിന്നറായും ദീപക് ഹൂഡയെ ഉപയോഗിച്ചിരുന്നു. സ്പിന്നർ കെ സി ക്യാരിയപ്പ പഞ്ചാബ് കിങ്സിനായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും കളിച്ചിട്ടുണ്ട്. പിന്നീട് രാജസ്ഥാൻ റോയൽസിന്റെ താരമായി. ബൗളിങ് നിയമവിരുദ്ധമെന്ന് തെളിഞ്ഞാൽ താരത്തിന് പന്തെറിയാൻ വിലക്ക് ലഭിച്ചേക്കും. ബൗളിങ്ങിൽ നിന്ന് മനീഷ് പാണ്ഡയെ വിലക്കിയെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്ററായായാണ് താരം കളിക്കുന്നത്. മറ്റന്നാള്‍ ഐപിഎൽ മെഗാലേലം നടക്കാനിരിക്കെയാണ് താരങ്ങൾക്ക് ബൗളിങ് ആക്ഷൻ തിരിച്ചടിയാകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ന്റെ മെഗാലേലം നവംബർ 24, 25 തിയതികളിലാണ് നടക്കുക. ഇന്ത്യൻ സമയം വെെകുന്നേരം മൂന്ന് മണിക്കാണ് താരലേലം ആരംഭിക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചവരാണ്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.
ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: India Cricketers Reported For Suspected Bowling Action