ക്രിക്കറ്റ് ലോകത്ത് നിന്നും അത്ര സുഖകരമായ വാർത്തയല്ല ഇന്ത്യൻ ആരാധകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോടേറ്റ സമ്പൂർണ്ണ പരമ്പര തോൽവിക്ക് ശേഷം ഓസ്‌ട്രേലിയയിലും ഇന്ത്യൻ ബാറ്റര്‍മാര്‍ കിതയ്ക്കുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാൻ ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പര വിജയം അനിവാര്യമാണ് എന്നിരിക്കെ പെർത്തിലെ ആദ്യ ടെസ്റ്റിലെ മത്സര ഫലം ഇന്ത്യൻ ടീമിന് നിർണായകമാകും.
Pacers give Australia the advantage on Day 1 of the Perth Test.#WTC25 | #AUSvIND 📝: https://t.co/lSYXusxmpb pic.twitter.com/LB8XIhdUbG
— ICC (@ICC) November 22, 2024
ഓസീസിന്റെ പേസ് ആക്രമണത്തിൽ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിനാണ് തകർന്നടിഞ്ഞത്. ഇന്ത്യൻ നിരയിൽ 37 റൺസെടുത്ത റിഷഭ് പന്തിനും 41 റൺസെടുത്ത അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്‌ഡിക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്. ജയ്‌സ്വാൾ (0) , ദേവ്ദത്ത് പടിക്കൽ (0) , വിരാട് കോഹ്‌ലി (5) , കെ എൽ രാഹുൽ (26) , ധ്രുവ് ജുറെൽ(11) , വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ജസ്പ്രീത് ബുംറ(8) സിറാജ്(0) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനങ്ങൾ.
കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ ഇന്ത്യയുടെ ബാക്ക്-ടു-ബാക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി ജേതാക്കളായ ചേതേശ്വർ പുജാരയെ മാറ്റി നിർത്തിയത് അതുകൊണ്ട് തന്നെ വലിയ ചോദ്യ ചിഹ്നമായി ഉയരുകയാണ്. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിൽ മുൻ ഇംഗ്ലണ്ട് കളിക്കാരനും കമൻ്റേറ്ററുമായ മാർക്ക് നിക്കോളാസ് പറഞ്ഞത് ഇന്ത്യ ഒരൊറ്റ പുജാരയെ മിസ് ചെയ്തു എന്നായിരുന്നു.
2018-19 പര്യടനത്തിൽ, 1258 പന്തിൽ 3 സെഞ്ച്വറിയും 1 അർധസെഞ്ച്വറിയും ഉൾപ്പെടെ 521 റൺസാണ് പുജാര നേടിയത്. 2020-21ൽ 928 പന്തിൽ നിന്ന് 271 റൺസ് നേടിയ പുജാര ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോററും പരമ്പരയിലെ നാലാമനും ആയിരുന്നു. ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ വിജയങ്ങളിൽ പുജാരയുടെ സംഭാവന കണക്കാക്കുന്നത് അദ്ദേഹം നേടിയ റൺസിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നില്ല.
ക്രീസിൽ ചോര തുപ്പിയും മണിക്കൂറുകളോളം നിൽക്കുക എന്നത് ഓസീസ് പേസർമാരെ തളർത്തുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് നേരിടുന്ന സവിശേഷമായ വെല്ലുവിളിയുടെ ഈ സാഹചര്യത്തിൽ പുജാരയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം നിലവിൽ സ്റ്റാർ സ്പോർട്സ് കമൻ്ററി പാനലിൻ്റെ ഭാഗമാണ് പുജാര. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ മത്സരത്തിലാണ് പുജാര അവസാനമായി കളിച്ചത്.
Content Highlights: Pujara miss in Australia vs India Border Gavaskar trophy test