'ഹര്‍ഷിത്, ഓർമയുണ്ടല്ലോ, നിന്നെക്കാള്‍ വേഗത്തില്‍ ഞാൻ പന്തെറിയും!'; സ്റ്റംപ് മൈക്കിൽ പതിഞ്ഞ സ്റ്റാർക് ഡയലോ​ഗ്

ബൗള്‍ ചെയ്ത ശേഷം തിരിഞ്ഞുനടക്കുകയായിരുന്ന ഹര്‍ഷിത്തിനെ നോക്കി സ്റ്റാര്‍ക് പറഞ്ഞ വാക്കുകളാണ് രംഗം കൊഴുപ്പിച്ചത്.

dot image

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ അരങ്ങേറ്റ താരവും പേസറുമായ ഹര്‍ഷിത് റാണയ്ക്ക് 'മുന്നറിയിപ്പ്' നല്‍കി ഓസീസിന്റെ വെറ്ററന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞതിന് പിന്നാലെയാണ് ഹര്‍ഷിത്തിന് സൗഹാര്‍ദപരമായി സ്റ്റാര്‍ക് മറുപടി നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഒരുമിച്ച് കളിച്ച താരങ്ങളാണ് റാണയും സ്റ്റാര്‍ക്കും.

മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ തന്റെ ആദ്യ പന്തില്‍ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുംമ്ര ഓസീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു. തുടര്‍ന്ന് ഓസീസ് 100 റണ്‍സ് കടക്കില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും നഥാന്‍ ലിയോണിനെയും ജോഷ് ഹേസല്‍വുഡിനെയും കൂട്ട് പിടിച്ച് മിച്ചല്‍ സ്റ്റാര്‍ക് ഓസീസ് സ്‌കോര്‍ 100 കടത്തി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്രീസില്‍ ചെറുത്തുനില്‍ക്കുന്നതിനിടെ തുടരെ ബൗണ്‍സറുകളെറിഞ്ഞും തുടര്‍ച്ചയായി ബീറ്റണാക്കിയും സ്റ്റാര്‍ക്കിനെ ഇന്ത്യന്‍ പേസറായ ഹര്‍ഷിത് റാണ വിറപ്പിച്ചിരുന്നു. ഇതിനിടെയാണ് ഹര്‍ഷിത്തിനെ നോക്കി മിച്ചല്‍ സ്റ്റാര്‍ക് ഒരു ചെറുചിരിയോടെ മുന്നറിയിപ്പ് നല്‍കിയത്. ബൗള്‍ ചെയ്ത ശേഷം തിരിഞ്ഞുനടക്കുകയായിരുന്ന ഹര്‍ഷിത്തിനെ നോക്കി സ്റ്റാര്‍ക് പറഞ്ഞ വാക്കുകളാണ് രംഗം കൊഴുപ്പിച്ചത്.

'ഞാന്‍ നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയും. നിനക്കത് ഓര്‍മയുണ്ടല്ലോ' എന്നായിരുന്നു സ്റ്റാര്‍ക്ക ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇതുകേട്ട ഹര്‍ഷിത്തും പുഞ്ചിരിക്കുന്നുണ്ട്. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീട് ഹര്‍ഷിത് തന്നെയാണ് സ്റ്റാര്‍ക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. 112 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഹര്‍ഷിത് റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ (11) ക്ലീന്‍ ബൗള്‍ഡാക്കിയാണ് 22കാരനായ റാണ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. പിന്നാലെ രണ്ടാം ദിനം സൂപ്പര്‍ സ്പിന്നര്‍ നഥാന്‍ ലിയോണെയും (5) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (26) ഹര്‍ഷിത് പുറത്താക്കി.

Content Highlights: IND vs AUS: Mitchell Starc Warns Harshit Rana ‘I Bowl Faster Than You’ in Fiery Exchange

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us