ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പന്തുകൊണ്ട് നിര്‍ണായക പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്രയെ വാഴ്ത്തിപ്പാടുകയാണ് മുന്‍ താരങ്ങളും ആരാധകരും. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശകരമായ തിരിച്ചുവരവ് സമ്മാനിച്ചത് ക്യാപ്റ്റന്‍ ബുംമ്രയാണ്. ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിന് പുറത്തായ ഇന്ത്യ, പക്ഷേ ബുംമ്രയുടെ മാസ്മരിക ബൗളിങ്ങില്‍ ഓസ്ട്രേലിയയെ 104 റണ്‍സിലൊതുക്കി. 18 ഓവറുകള്‍ എറിഞ്ഞ് 30 റണ്‍സ് വിട്ടുകൊടുത്ത് ബുംമ്ര അഞ്ച് വിക്കറ്റുകള്‍ നേടി.
ഇതിനുപിന്നാലെ ബുംമ്രയെ കുറിച്ചുള്ള ഇന്ത്യയുടെ മുന്‍ താരം വസീം ജാഫറിന്റെ വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ഓക്കേ ഗൂഗിള്‍, പ്ലേ ജസ്പ്രീത് ബുംമ്ര. സോറി, ജസ്പ്രീത് ബുംമ്ര ഈസ് അണ്‍പ്ലേയബിള്‍' എന്നാണ് ഇന്ത്യയുടെ മുന്‍താരം എക്‌സില്‍ കുറിച്ചത്. വിക്കറ്റ് ആഘോഷിക്കുന്ന ബുംമ്രയുടെ ചിത്രം പങ്കുവെച്ചാണ് ജാഫറിന്റെ എക്‌സ് പോസ്റ്റ്.
"OK Google, play Jasprit Bumrah"
— Wasim Jaffer (@WasimJaffer14) November 22, 2024
"Sorry, Jasprit Bumrah is unplayable" #AUSvIND pic.twitter.com/hxVgvccdEv
അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്നായിരുന്നു പാകിസ്താന്‍ ക്രിക്കറ്റിലെ ഇതിഹാസ ബൗളറായ വസീം അക്രത്തിന്റെ ബുംമ്രയെക്കുറിച്ചുള്ള പരാമര്‍ശം. മത്സരത്തിന്റെ കമന്ററി ബോക്‌സില്‍ നിന്നും നടത്തിയ പ്രസ്താവനയില്‍ ബുംറയുടെ ബൗളിങ് രീതിയെ കുറിച്ചും അക്രം വാചാലനായി.
പേസും സ്വിങ്ങും സമന്വയിപ്പിച്ച മികച്ച ഒരു ഉല്പന്നമെന്നായിരുന്നു ബുംറയുടെ പന്തുകളെ അക്രം വിലയിരുത്തിയത്. 'അയാള്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ലോകത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമാണ്, ക്യാപ്റ്റന്‍ എന്ന ഭാരമില്ലാതെ അയാള്‍ പന്തെറിയുന്നു, ഏത് താരത്തിന് ഏത് രീതിയിലുള്ള പന്തെറിയണമെന്ന് അയാള്‍ക്ക് നന്നായി അറിയാം,' അക്രം കൂട്ടിച്ചേര്‍ത്തു.
സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡക്കാക്കിയതടക്കം നിര്‍ണായകമായ നാല് വിക്കറ്റുകളാണ് പെർത്തിലെ ഒന്നാം ദിനം തന്നെ ബുംറ പിഴുതത്. ഓപണർ നഥാൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ക്യാപ്റ്റന് മുന്നിൽ പിന്നീട് ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് എന്നിവരും മടങ്ങി. രണ്ടാം ദിനം ഒരു വിക്കറ്റ് കൂടി നേട്ടം അഞ്ചാക്കി മാറ്റുകയും ചെയ്തു.
Content Highlights: ‘Jasprit Bumrah Is Unplayable’, Wasim Jaffer Bows Down To Indian Pacer