ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം നാളെ നടക്കാനിരിക്കുകയാണ്. ലേലത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടീമുകൾ കണ്ടെത്തിവെച്ചിരിക്കുന്ന താരങ്ങളെല്ലാം മികച്ച ഫോമിലാണ്. വേണ്ടെന്ന് വെച്ച താരങ്ങളില്‍ പലരെയും സ്വന്താമാക്കണോയെന്ന കാര്യത്തിലും ഐപിഎൽ ടീമുകൾക്ക് വീണ്ടുവിചാരം നടത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ സയ്യീദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ ഗോവയ്ക്കെതിരെ നേടിയത് പുറത്താകാതെ 130 റൺസാണ്. 57 പന്തിൽ 11 ഫോറുകളും 10 സിക്സറുകളും സഹിതമായിരുന്നു ശ്രേയസിന്റെ ബാറ്റിങ്. പഞ്ചാബിനെതിരെ ബംഗാളിന്റെ സൺറൈസേഴ്സ് താരം ഷഹബാസ് അഹമ്മദും സെഞ്ച്വറി നേട്ടം സ്വന്തമാക്കി.
ലഖ്നൗ സൂപ്പർ ജയന്റ്സ് ഒഴിവാക്കിയ അവരുടെ നായകൻ കെ എൽ രാഹുൽ ഓസ്ട്രേലിയൻ മണ്ണിൽ തന്റെ ക്ലാസ് ബാറ്റിങ് എന്തെന്ന് തെളിയിക്കുകയാണ്. പെർത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രാഹുൽ 26 റൺസെടുത്ത് നിൽക്കെ ദൗർഭാഗ്യകരമായാണ് പുറത്തായത്. രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 62 റൺസാണ് രാഹുൽ നേടിയിരിക്കുന്നത്.
തന്നെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനം ശരിയെന്ന് തെളിയിച്ച് തിലക് വർമ ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്നാം സെഞ്ച്വറിയും സ്വന്തമാക്കി കുതിക്കുകയാണ്. ഓസ്ട്രേലിയയിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി ജസ്പ്രീത് ബുംമ്രയും മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് ശരിയെന്ന് തെളിയിച്ചു.
Content Highlights: Players are in good form ahead of IPL mega auction