സയ്യീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ജഴ്സിക്ക് പിന്നിൽ പുതിയ പേരും നമ്പരുമായി മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ഒമ്പതാം നമ്പർ ജഴ്സിയും സാംസൺ എന്ന പേരുമാണ് സഞ്ജുവിന്റെ ജഴ്സിക്ക് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ ജഴ്സിയിൽ 11-ാം നമ്പറും സമ്മിയെന്ന പേരുമാണ് താരം സ്വീകരിച്ചിരിക്കുന്നത്. പുതിയ പേരിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
സഞ്ജുവിന്‍റെ പിതാവിന്റെ പേരായ സാംസണ്‍ വിശ്വനാഥ്, മാതാവിന്റെ പേരായ ലിജി വിശ്വനാഥ് എന്നിവയിലെ അക്ഷരങ്ങള്‍ കൂട്ടിച്ചേർത്താണ് പുതിയ പേരുണ്ടാക്കിയതെന്നാണ് കരുതുന്നത്. എന്തായാലും പേരിൽ മാത്രമാണ് മാറ്റമുണ്ടായിരിക്കുന്നത്. ബാറ്റിങ്ങിൽ സഞ്ജു പഴയ സഞ്ജു തന്നെ. 45 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 75 റൺസ് നേടി. സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കവും ലഭിച്ചു.
New name, New role but same class. 💪🥵🔥🔥
— Saabir Zafar (@Saabir_Saabu01) November 23, 2024
Sanju "Sammy" Samson ❤️#SanjuSamson #SMAT #SMAT2024 pic.twitter.com/G2dJnqRM03
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ഭേദപ്പെട്ട നിലയിൽ സർവീസസ് സ്കോർ ചെയ്തെങ്കിലും അവസാന നിമിഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ മൂന്നിന് 124 റൺസെന്ന നിലയിലായിരുന്ന സർവീസസ് ഒമ്പതിന് 145 എന്ന് വീണു. സർവീസസിനായി മൊഹിത് അഹൽവാത്ത് 41 റൺസെടുത്ത് ടോപ് സ്കോററായി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി സഞ്ജു സാംസണും രോഹൻ കുന്നുമ്മലും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹൻ കുന്നുമ്മല്‍ ആണ് ആദ്യം പുറത്തായത്. പിന്നാലെ വന്നവർ കാര്യമായ സംഭാവന നൽകാതെ പുറത്തായതോടെ കേരളത്തിന്റെ വിജയം വൈകി. സഞ്ജു പുറത്താകുമ്പോൾ കേരളം 14 ഓവറിൽ നാലിന് 123 എന്ന സ്കോറിൽ എത്തിയിരുന്നു. എന്നാൽ 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം വിജയത്തിലെത്തിയത്. പുറത്താകാതെ 21 റൺസ് നേടിയ സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയറൺ കുറിച്ചത്.
Content Highlights: Sanju Samson appeared with new name and number in SMAT