സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സഞ്ജു സാംസൺ നേടിയ 75 റൺസ് മികവിലാണ് കേരളത്തിന്റെ വിജയം.
മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട നിലയിൽ സർവീസസ് സ്കോർ ചെയ്തെങ്കിലും അവസാന നിമിഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ മൂന്നിന് 124 റൺസെന്ന നിലയിലായിരുന്ന സർവീസസ് ഒമ്പതിന് 145 എന്ന് വീണു. സർവീസസിനായി മൊഹിത് അഹൽവാത്ത് 41 റൺസെടുത്ത് ടോപ് സ്കോററായി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി സഞ്ജു സാംസണും രോഹൻ കുന്നുമ്മലും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 73 റൺസ് പിറന്നു. 27 റൺസെടുത്ത രോഹൻ കുന്നുമ്മല്‍ ആണ് ആദ്യം പുറത്തായത്. പിന്നാലെ വന്നവർ കാര്യമായ സംഭാവന നൽകാതെ പുറത്തായതോടെ കേരളത്തിന്റെ വിജയം വൈകി. സഞ്ജു പുറത്താകുമ്പോൾ കേരളം 14 ഓവറിൽ നാലിന് 123 എന്ന സ്കോറിൽ എത്തിയിരുന്നു. എന്നാൽ 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം വിജയത്തിലെത്തിയത്. പുറത്താകാതെ 21 റൺസ് നേടിയ സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയറൺ കുറിച്ചത്.
Content Highlights: Sanju's explosive fifty helped Kerala for winning start in SMAT