ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി ഇന്ത്യൻ ഓപണർ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ രണ്ട് സിക്സറുകൾ നേടിയിട്ടുണ്ട്. ഇതോടെ ഈ കലണ്ടർ വർഷം ജയ്സ്വാൾ നേടിയ സിക്സറുകളുടെ എണ്ണം 34 ആയി. 2014ൽ ബ്രണ്ടൻ മക്കല്ലം നേടിയ 33 സിക്സറുകൾ എന്ന റെക്കോർഡാണ് ജയ്സ്വാൾ തിരുത്തിക്കുറിച്ചത്.
പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ മികച്ച ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. 193 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസുമായി ജയ്സ്വാൾ ക്രീസിൽ തുടരുകയാണ്. 153 പന്തിൽ നാല് ഫോറുകൾ അടക്കം 62 റൺസുമായി കെ എൽ രാഹുലും ക്രീസിലുണ്ട്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 218 റൺസിലെത്തി.
നേരത്തെ രണ്ടാം ദിവസം രാവിലെ ഏഴിന് 67 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 104 റൺസിൽ എല്ലാവരും പുറത്തായി. 46 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ചും ഹർഷിത് റാണ മൂന്നും വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിൽ ഓൾ ഔട്ടായിരുന്നു. 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
Content Highlights: Yashasvi Jaiswal breaks Test sixes record during Perth knock