ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ 90 റൺസോടെയും കെ എൽ രാഹുൽ 62 റൺസോടെയും ക്രീസിൽ തുടരുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 218 റൺസിലെത്തി.
നേരത്തെ ഏഴിന് 67 എന്ന സ്കോറിൽ നിന്നാണ് ഓസ്ട്രേലിയ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. അവശേഷിച്ച മൂന്ന് വിക്കറ്റിൽ 37 റൺസ് കൂടി കൂട്ടിച്ചേർക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. 10-ാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും 25 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയൻ നിരയിൽ ടോപ് സ്കോറർ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 46 റൺസിന്റെ ലീഡ് നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റും ഹർഷിത് റാണ മൂന്ന് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിൽ ഓൾ ഔട്ടായിരുന്നു. 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. പിന്നാലെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും കടുത്ത ബാറ്റിങ് തകർച്ച നേരിട്ടു. ഉസ്മാൻ ഖ്വാജ എട്ട്, നഥാൻ മക്സ്വീനി 10, മാർനസ് ലബുഷെയ്ൻ രണ്ട്, സ്റ്റീവ് സ്മിത്ത് പൂജ്യം, ട്രാവിസ് ഹെഡ് 11, മിച്ചൽ മാർഷ് ആറ്, പാറ്റ് കമ്മിൻസ് മൂന്ന് എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ നിരയിലെ സ്കോറുകൾ.
Content Highlights: Yashasvi Jaiswal, KL Rahul put IND in driver's seat with 218-run lead at stumps