ഐപിഎല്‍ ലേലത്തിലെ പെണ്‍മുഖം; ആരാണ് മല്ലിക സാഗര്‍? അറിയാം

മല്ലിക സാഗറാണ് ഇത്തവണയും ലേലം നിയന്ത്രിക്കുന്ന ഓക്ഷണറായി എത്തുന്നത്.

dot image

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഐപിഎല്‍ 2025 താരലേലത്തിന് ഇന്ന് ജിദ്ദയില്‍ തുടക്കമാവുകയാണ്. ആവേശകരമായ ലേലത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് കായിക ലോകം. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലേലത്തിലെത്തുമ്പോള്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. മല്ലിക സാഗറാണ് ഇത്തവണയും ലേലം നിയന്ത്രിക്കുന്ന ഓക്ഷണറായി എത്തുന്നത്.

2024ലെ ഐപിഎല്‍ മിനി ലേലത്തിലും മല്ലിക തന്നെയായിരുന്നു ഓക്ഷണറായി എത്തിയത്. 2019 മുതല്‍ 2022 വരെ ബ്രിട്ടീഷ് ഓക്ഷണറായ ഹ്യൂഗ് എഡ്മീഡ്‌സ് ആയിരുന്നു ഐപിഎല്‍ ലേലം നിയന്ത്രിച്ചിരുന്നത്. 2023 ലെ ലേലത്തിനിടെയാണ് മല്ലിക സാഗര്‍ ആദ്യമായി ഓക്ഷണറായി എത്തുന്നത്. ലേലത്തിനിടയ്ക്ക് എഡ്മീഡ്‌സ് ബോധരഹിതനാവുകയും അദ്ദേഹത്തിന് പകരക്കാരിയായി മല്ലിക ഓക്ഷണറായി സ്ഥാനമേറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

Hugh Edmeades
ഹ്യൂഗ് എഡ്മീഡ്‌സ്

പിന്നീട് ഐപിഎല്ലിന്റെ മുഴുവന്‍ സമയ ഓക്ഷണറായി ബിസിസിഐ മല്ലികയെ നിയമിച്ചു. ഇതോടെ ആദ്യത്തെ വനിതാ ഐപിഎല്‍ ഓക്ഷണറെന്ന ബഹുമതിയും മല്ലികയെ തേടിയെത്തി. ഐപിഎല്ലിനു പുറമേ വനിതാ പ്രീമിയര്‍ ലീഗ്, പ്രോ കബഡി ലീഗ് എന്നിവയുള്‍പ്പടെയുള്ള വിവിധ സ്‌പോര്‍ട്‌സ് ലീഗുകള്‍ക്കായുള്ള ലേലത്തിലും മല്ലിക ഓക്ഷണറായി എത്തിയിട്ടുണ്ട്.

Mallika Sagar
മല്ലിക സാഗര്‍

ആരാണ് മല്ലിക സാഗര്‍?

മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമായ മല്ലികയ്ക്ക് ചെറുപ്പം മുതല്‍ ലേലത്തോട് താത്പര്യമുണ്ടായിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലുള്ള ബ്രൈന്‍ മാവര്‍ കോളേജില്‍ കലാചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001ല്‍ തന്റെ 26-ാം വയസില്‍ ക്രിസ്റ്റീസ് എന്ന പ്രശസ്ത ലേലസ്ഥാപനത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചു.

സ്‌പോര്‍ട്‌സ് ലേലത്തിലേക്ക് മാറുന്നതിന് മുമ്പ് മല്ലിക സാഗര്‍ കലാലേല ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തിയിരുന്നു. 2021 ലെ പ്രോ കബഡി ലീഗിലൂടെയാണ് (പികെഎല്‍) സ്‌പോര്‍ട്‌സ് ലേലത്തിലേക്ക് മല്ലിക ചുവടുവെയ്ക്കുന്നത്. പ്രോ കബഡി ലീഗിലെ ആദ്യത്തെ വനിതാ ഓക്ഷണറെന്ന ബഹുമതിയും സ്വന്തമാക്കി. ലീഗിലെ വിജയകരമായ പ്രകടനം മല്ലികയെ ഐപിഎല്‍ ലേലത്തിലേക്കും വഴിയൊരുക്കി.

ഐപിഎല്‍ ചരിത്രത്തിലെ നാഴികക്കല്ലായ തീരുമാനമായിരുന്നു മല്ലിക സാഗറിന്റെ നിയമനം. ലേലമടക്കമുള്ള പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളില്‍ കരിയര്‍ തുടരാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്നതാണ് മല്ലികയുടെ നേട്ടം. ശാന്തമായ പെരുമാറ്റം, വിവേകം, ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട മല്ലിക സാഗര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഐപിഎല്‍ ലേലത്തിന് ഒരുങ്ങുകയാണ്.

Content Highlights: IPL 2025 mega auction: Who is The auctioneer Mallika Sagar?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us