'ഷാരൂഖ് ആദ്യം സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്ന ടീം കൊല്‍ക്കത്തയായിരുന്നില്ല'; വെളിപ്പെടുത്തി ലളിത് മോദി

2008ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ ഷാരൂഖ് ഖാനും ഉറ്റസുഹൃത്ത് ജൂഹി ചൗളയും ചേര്‍ന്ന് 570 കോടി രൂപയ്ക്കാണ് കെകെആറിനെ സ്വന്തമാക്കിയത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉടമസ്ഥനായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ ഐപിഎല്ലില്‍ ഷാരൂഖ് ഖാന്‍ ആദ്യം സ്വന്തമാക്കാന്‍ ആഗ്രഹിച്ച ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അല്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലീഗിന്റെ മുന്‍ ചെയര്‍മാനായ ലളിത് മോദി. ഐപിഎല്‍ താരലേലം ഇന്ന് ജിദ്ദയില്‍ ആരംഭിക്കാനിരിക്കെയാണ് കെകെആര്‍ ആരാധകരെ ഞെട്ടിച്ച് ലളിത് മോദി ഇക്കാര്യം തുറന്നുപറഞ്ഞത്.

2008ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ ഷാരൂഖ് ഖാനും ഉറ്റസുഹൃത്ത് ജൂഹി ചൗളയും ചേര്‍ന്ന് 570 കോടി രൂപയ്ക്കാണ് കെകെആറിനെ സ്വന്തമാക്കിയത്. എന്നാല്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയ്ക്ക് പകരം മറ്റൊരു ടീമിനെ സ്വന്തമാക്കാനായിരുന്നു ഷാരൂഖ് ആദ്യം ആഗ്രഹിച്ചിരുന്നതെന്നും പിന്നീട് അത് നടക്കാതെ പോവുകയായിരുന്നെന്നും ലളിത് മോദി വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലിലേക്ക് ഷാരൂഖിനെ കൊണ്ടുവരാന്‍ താന്‍ എടുത്ത പ്രയത്നങ്ങളും ലളിത് തുറന്നുപറഞ്ഞു.

'ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്യങ്ങളാണ് ബോളിവുഡും ക്രിക്കറ്റും. ഞാന്‍ എപ്പോഴും ആ ഗ്ലാമര്‍ പദ്ധതികളുടെ ഭാഗമായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതലേ സുഹൃത്തുക്കളാണ് ഞാനും ഷാരൂഖും. ക്രിക്കറ്റിനായി ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എനിക്ക് അതിനെകുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് ഷാരൂഖ് പറഞ്ഞു. പക്ഷേ നിങ്ങള്‍ ഇതിന്റെ ഭാഗമാകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോള്‍ ഐപിഎല്ലിന്റെ പ്രധാനപ്പെട്ട തൂണുകളിലൊന്നാണ് ഷാരൂഖ്', ലളിത് മോദി പറഞ്ഞു.

'ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഷാരൂഖ് ഒരു ടീമിന് വേണ്ടി ലേലം വിളിച്ചു. മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കാനായിരുന്നു അദ്ദേഹം ആദ്യം ആഗ്രഹിച്ചത്. എന്നാല്‍ മുംബൈയെ മുകേഷ് അംബാനി സ്വന്തമാക്കി. കൊല്‍ക്കത്ത അദ്ദേഹത്തിന്റെ അവസാനത്ത തിരഞ്ഞെടുപ്പായിരുന്നു. ക്രിക്കറ്റിനെ വിനോദകരമാക്കാനായിരുന്നു ഷാരൂഖ് ശ്രമിച്ചത്. സ്വന്തം ഭാര്യയെയും മക്കളെയുമടക്കം അദ്ദേഹം സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചു. ഇത് ഐപിഎല്ലിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു', ലളിത് മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം താരലേലത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കെകെആറും ഇത്തവണ വലിയ മാറ്റങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. നായകന്‍ ശ്രേയസ് അയ്യരെ കെകെആര്‍ നിലനിര്‍ത്തിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. വമ്പന്‍ മാറ്റങ്ങളോടെയാവും കെകെആര്‍ അടുത്ത സീസണില്‍ ഇറങ്ങുക. അടുത്ത സീസണില്‍ കെകെആര്‍ കിരീടം നിലനിര്‍ത്തുമോ അതോ പുതിയ ചാമ്പ്യന്മാരുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. എന്തായാലും മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

Content Highlights: KKR wasn’t first choice' Lalit Modi reveals Shah Rukh Khan’s preffered choice to buy IPL team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us