ഐ പി എല്ലിലെ കഴിഞ്ഞ ദിനം മെഗാതാരലേലത്തിലെ ഏറ്റവും വലിയ സർപ്രൈസായിരുന്നു ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ, 3 തവണ ഓറഞ്ച് ക്യാപ് നേടിയ ഡേവിഡ് വാർണർ അൺസോൾഡായി മാറിയത്. ആദ്യദിനം വാർണർക്കു വേണ്ടി ഒരു ടീമും രംഗത്തെത്തിയില്ല. ഇതോടെ ഫാൻസും അത്ഭുതപ്പെടുകയായിരുന്നു. കാരണം ഐപിഎല്ലിലെ ഏറ്റവും മികച്ച വിദേശതാരത്തിനാണ് ഇങ്ങനെയൊരു നാണക്കേട്.
സൺറൈസേഴ്സ് എന്ന ടീമിന്റെ ഒരു കാലത്തെ എല്ലാമെല്ലാമായിരുന്ന താരമായ വാർണർ അവിടെ നിന്നും ഡൽഹിയിലേക്ക് മാറിയത് മൂന്ന് സീസൺ മുമ്പാണ്. അതിനു ശേഷം മുതൽ കഴിഞ്ഞ സീസണിലടക്കം വാർണറുടെ ഫോമും കുറയുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സ്ട്രൈക് റേറ്റിനെക്കുറിച്ചുള്ള വിമർശനങ്ങളായിരുന്നു പ്രധാനം. എങ്കിലും ഡൽഹിയിലെ മറ്റ് താരങ്ങളെല്ലാം അമ്പാടെ നിരാശപ്പെടുത്തുമ്പോഴും വാർണർ സ്ഥിരതയാർന്ന സ്കോറുകൾ നേടിയിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തിൽ കഴിഞ്ഞതിനു മുമ്പിലത്തെ സീസണിൽ ഡൽഹി ടീമിനെ നയിക്കുകയും ചെയ്തിരുന്നു വാർണർ.
ഐ പിഎല്ലിൽ ഒരു കാലത്ത് പക്ഷേ, നമുക്ക് പരിചയമുണ്ടായിരുന്ന മറ്റൊരു വാർണറുണ്ടായിരുന്നു. എതിരാളികളെ അവരുട മടയിൽ ചെന്നാക്രമിച്ചുകൊണ്ടിരുന്ന വാർണർ. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും സ്ഥിരതയാർന്ന രീതിയിൽ ആക്രമിച്ച് കളിച്ച മറ്റൊരു ടോപ്പ് ഓർഡര്‍ വിദേശ കളിക്കാരന്‍ ഉണ്ടാവില്ല. തുടര്‍ച്ചയായി 6 സീസണുകളില്‍ 500 + റണ്‍സ് നേടിയ താരമാണ് വാർണർ. ഹൈദ്രാബാദിലായിരുന്നപ്പോൾ തന്റെ രണ്ടമത്തെ വീടാണെന്ന് പറഞ്ഞ് അല്ലു അർജുന്റെ പുട്ട ബൗമ്മയും ബാഹിബലിയിലെയും പാട്ടുകൾ ടിക് ടോക്കാടിക്കൊണ്ട് കരിയറിന്റെ രണ്ടാം പദത്തിൽ മര്യാദക്കാരനായി ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് വാർണർ.
2014 ൽ ആണ് വാർണർ ഹൈദരബാദിൽ എത്തുന്നത്. അന്നു തൊട്ട് ഏതാണ്ട് 6 വർഷത്തോളം ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റ്സ്മാനായിരുന്നു ഡേവിഡ് വാർണർ. കളിച്ച എല്ലാ സീസണുകളിലും ടീമിന്റെ ടോപ് സ്കൊറർ ആയിരുന്നു വാർണർ. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടി റെക്കോർഡ് ഇട്ടതിനു പുറമേ, വാർണർക്ക് കീഴിലെ അഞ്ച് വർഷങ്ങളിൽ നാല് തവണയും ടീം പ്ലേയോഫ് കടമ്പ കടന്നു. ഒരു തവണ കിരീടവും നേടി. 2016 ൽ ടീം കിരീടം നേടിയപ്പോൾ 848 റൺസ് വാർണർ നേടിയിരുന്നു. ഡേവിഡ് വാർണർ എന്ന ഒറ്റയാൾ പട്ടാളത്തിന്റെ തോളിലേറി ആയിരുന്നു ആ ടീം കുതിച്ചത്. കരിയറിൽ 40+ ആവറേജ് 140+ സ്ട്രൈക്ക് റേറ്റിലാണ് 5000 റൺസ് അദ്ദേഹം നേടിയത്. എന്നാൽ ആറ് സീസണുകൾ ടീമിനെ തോളിലേറ്റിയ താരത്തെ കേവലം ആറ് മത്സരങ്ങളുടെ പേരിൽ 4 സീസൺ മുമ്പ് പറത്താക്കുകയായിരുന്നു സൺ റൈസേഴ്സ്.
ഇത്തവണ ഒരു ടീമും ആദ്യദിനം വാർണർക്ക് വേണ്ടി താൽപര്യം കാണിക്കാതിരുന്നതോടെ ഇത് വാർണറുടെ ഐ പി എൽ കരിയറിന്റെ അവസാനമാവുമോ എന്ന സംശയത്തിലാണ് ആരാധകർ. ഇക്കൊല്ലം അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നും വിരമിച്ച വാർണറിനെ ഐപിഎല്ലിൽ കാണാം എന്ന് കരുതിയിരുന്നവർക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് ലേലം കടന്നുപോവുന്നത്.
Content Highlights: IPL 2025: David Warner unsold in ipl