സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്താന് 10 വിക്കറ്റ് വിജയം. ആദ്യ ഏകദിനത്തിലെ പരാജയത്തിന് ശേഷമാണ് പാകിസ്താന്റെ തിരിച്ചുവരവ്. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 32.3 ഓവറിൽ 145 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ പാകിസ്താൻ 18.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ സിംബാബ്‍വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിയോൺ മയേഴ്സ് 33 റൺസും സീൻ വില്യംസ് 31 റൺസും നേടി. എന്നാൽ മികച്ച സ്കോറിലേക്ക് എത്താൻ കഴിയാവുന്ന ഇന്നിംഗ്സുകൾ ആരുടെയും ഭാഗത്ത് നിന്നുണ്ടായില്ല. പാകിസ്താനായി അബ്രാർ അഹമ്മദ് നാലും സൽമാൻ അലി ആഗ മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താനായി സയീം അയൂബ് സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 62 പന്തിൽ 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 113 റൺസാണ് അയൂബ് നേടിയത്. അബ്ദുള്ള ഷെഫീക്ക് 32 റൺസും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.
Content Highlights: Ayub's 53-ball century levels series after Abrar and Salman strangle Zimbabwe