രാജസ്ഥാൻ ഒരു കോടിക്ക് വിളിച്ച പതിമൂന്നുകാരന്റെ പ്രായത്തെ ചൊല്ലി വിവാദം; ആർക്കും പരിശോധിക്കാമെന്ന് പിതാവ്

വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയതിന് പിന്നാലെ താരത്തിന്റെ പ്രായത്തിൽ വിവാദങ്ങളുയർന്നിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാതാര ലേലത്തിന്റെ ചരിത്രത്തില്‍ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ച താരമായിരുന്നു വൈഭവ് സൂര്യവംശി. 13 വയസ്സ് മാത്രമുള്ള ബിഹാറുകാരനായ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയതിന് പിന്നാലെ താരത്തിന്റെ പ്രായത്തിൽ വിവാദങ്ങളുയർന്നു. പ്രായം വെറും 13 മാത്രമാണെന്നത് കള്ളമാണെന്നായിരുന്നു ചിലരുടെ വാദം. സോഷ്യൽ മീഡിയയിലടക്കം താരത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകളുമുണ്ടായി. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി.

വൈഭവ് ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനയ്ക്ക് വിധേയനാകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എട്ടര വയസ്സുള്ള സമയത്ത് അവൻ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായതാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇതിനകം അണ്ടർ 19 ടീമിലും അവന്‍ കളിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പരിശോധനയ്ക്ക് വിധേയനാകുന്നതിനും എതിർപ്പില്ല’ പിതാവ് കൂട്ടിച്ചേർത്തു.

"എന്റെ മകന്റെ കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണിത്. എട്ട് വയസ് പ്രായമുള്ളപ്പോൾത്തന്നെ അവൻ ജില്ലാ തലത്തിൽ അണ്ടർ 16 വിഭാഗത്തിൽ തിളങ്ങിയിരുന്നു. ഞാനാണ് അവനെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപ്പുരിയിലേക്ക് കൊണ്ടുപോയിരുന്നത്. അതിനായി സ്ഥലം പോലും വിറ്റു. ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ദയവ് ചെയ്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്," സഞ്ജീവ് പറഞ്ഞു.

Content Highlights: Vaibhav suryavanshi father defends 13 old age controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us