ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിനായി രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ്. ഞാൻ ക്രിക്കറ്റ് കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന കാര്യം മറച്ചുവെയ്ക്കേണ്ട കാര്യമില്ല. എങ്കിലും എനിക്ക് കഴിവുന്ന അത്രയും കാലം ക്രിക്കറ്റ് കളിക്കണം. അതിനായി എന്റെ കായികക്ഷമത കാത്ത് സൂക്ഷിക്കണം. ബെൻ സ്റ്റോക്സ് ബിബിസി സ്പോർടിനോട് പറഞ്ഞു.
എനിക്ക് കളിക്കാൻ കഴിയുന്ന മത്സരങ്ങൾ ഏതെന്ന് തീരുമാനിക്കും. അതിനായി തയ്യാറെടുപ്പുകൾ നടത്തും. ഉദാഹരണത്തിന് ഈ വർഷം ഞാൻ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് കളിക്കും. ഇത് കരിയർ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് മനസിലാക്കാൻ വേണ്ടിയാണ്. ഇംഗ്ലണ്ട് ജഴ്സിയിൽ പരമാവധി കാലം കളിക്കാനാണ് ആഗ്രഹം. ബെൻ സ്റ്റോക്സ് വ്യക്തമാക്കി.
ഐപിഎൽ മെഗാലേലത്തിന് രജിസ്റ്റർ ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെ പേരില്ലെന്നത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 2017, 2018 ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായിരുന്നു സ്റ്റോക്സ്. 2023ലെ ഐപിഎല്ലിനിടെ താരം പരിക്കേറ്റ് പുറത്തായി. പിന്നീട് ബെൻ സ്റ്റോക്സ് ഐപിഎല്ലിന്റെ ഭാഗമായിട്ടില്ല.
Content Highlights: Ben Stokes breaks silence after not registering mega auction