ഓസ്ട്രേലിയൻ ക്രിക്കറ്റിനെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ഓസ്ട്രേലിയൻ ബാറ്റർ ഫിലിപ്പ് ഹ്യൂഗ്സ്സിന്റെ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ അകാല മരണം. 2014ല്‍ ഷെഫീല്‍ഡ് പോരാട്ടത്തിനിടെ ബാറ്റ് ചെയ്യവേ പന്ത് തലയില്‍ കൊണ്ടാണ് താരം മരണമടഞ്ഞത്. മത്സരത്തിൽ താരം 63 റൺസെടുത്ത് നോട്ട് ഔട്ട് ആയിരുന്നു. ആ സംഭവം നടന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു. ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ഹ്യൂഗ്സ് ഓസ്ട്രേലിയക്കായി 26 ടെസ്റ്റ് മത്സരങ്ങളിലും, 25 ഏകദിനങ്ങളിലും ഒരു ട്വന്‍റി-20 മത്സരത്തിലും കളിച്ചിട്ടുണ്ട്.
പത്താം ചരമ വാർഷികത്തിൽ ഇന്ന് ന്യൂസൗത്ത് വെയ്ല്‍സും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ ഹ്യൂഗ്സ്സിനെ അനുസ്മരിച്ച് താരങ്ങള്‍ മൈതാനത്ത് നിരന്നു നിന്നു ആദരമര്‍പ്പിച്ചിരുന്നു. ഈ സമയത്ത് വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ ഓസീസ് താരം സീന്‍ അബോട്ട് പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ സഹ താരങ്ങളെത്തിയെങ്കിലും താരത്തിന് കരച്ചിൽ അടക്കാനായില്ല.
പത്ത് വർഷങ്ങൾക്ക് മുമ്പ് സീന്‍ അബോട്ട് ബൗള്‍ ബൗള്‍ ചെയ്യുമ്പോഴായിരുന്നു ഹ്യൂസിന്റെ തലയ്ക്കും കഴുത്തിനുമിടയില്‍ പന്ത് കൊണ്ടത്. സംഭവമുണ്ടായ ശേഷം രണ്ട് ദിവസം കഴിഞ്ഞ് നവംബർ 27 നാണ് ഹ്യൂസ് മരണപ്പെടുന്നത്. ഹ്യൂസിന്റെ വിയോഗത്തിന് നിമിത്തമായതിന്റെ വേദനയാണ് ഓര്‍മ ദിനത്തില്‍ അബോട്ടിനെ അതീവ ദുഖത്തിലാഴ്ത്തിയത്.
Content Highlights: Sean Abbott, Whose Ball Hit Phillip Hughes, Breaks Down On Late Star's 10-Year Death Anniversary