ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന്റെ അവസാന ഘട്ടത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അജിൻക്യ രഹാനെയെ വാങ്ങാൻ തീരുമാനിച്ചത്. അടിസ്ഥാന വിലയായ 1.50 കോടി രൂപ നൽകിയാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ അത്ര മികച്ച റെക്കോർഡുകൾ ഇല്ലാത്ത രഹാനെയെ സ്വന്തമാക്കിയത് കൊൽക്കത്ത ആരാധകർക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ തന്നെ ലേലത്തിൽ സ്വന്തമാക്കിയ കൊൽക്കത്ത ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുകയാണ് താരം.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ രഹാനെ തകർപ്പൻ ഫോമിലാണ്. ഇന്ന് നടന്ന കേരളത്തിനെതിരായ മത്സരത്തിൽ രഹാനെ 35 പന്തിൽ 68 റൺസെടുത്തു. അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു മുംബൈ താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ കേരളം 43 റൺസിന് വിജയിച്ചു. കേരളം മുന്നോട്ടുവെച്ച 235 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഒമ്പതിന് 191 എന്ന സ്കോറിൽ എത്താനെ സാധിച്ചുള്ളു. രഹാനെയ്ക്കൊപ്പം നിൽക്കുന്ന മറ്റൊരു ഇന്നിംഗ്സ് കൂടി മുംബൈ നിരയിൽ ഉണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. മത്സരത്തിൽ കേരളത്തിന്റെ വിജയം ഉറപ്പിച്ചതും രഹാനെ പുറത്തായതോടെയായിരുന്നു.
കഴിഞ്ഞ മത്സരത്തിലും രഹാനെ അർധ സെഞ്ച്വറി നേടിയിരുന്നു. മഹാരാഷ്ട്രയ്ക്കെതിരെ 34 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം രഹാനെ 52 റൺസെടുത്തു. ആദ്യ മത്സരത്തിൽ ഗോവയ്ക്കെതിരെ മാത്രമാണ് രഹാനെ മികച്ച ഒരു ഇന്നിംഗ്സിലേക്ക് നീങ്ങാതിരുന്നത്. 13 പന്തിൽ 13 റൺസ് മാത്രമാണ് രഹാനെ സ്കോർ ചെയ്തത്. എന്തായാലും തന്റെ ക്ലാസ് ഇന്നിംഗ്സുകൾ അവസാനിച്ചിട്ടില്ലെന്ന് താരം ഓർമപ്പെടുത്തുകയാണ്.
Content Highlights: Ajinkya Rahane scores back to back fifties after picking by KKR in IPL auction