ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യ നിർദ്ദേശിച്ച പ്രകാരം ഹൈബ്രിഡ് മാതൃകയിൽ നടത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് ഐസിസി നിർദ്ദേശം. ഇന്ത്യയില്ലെങ്കിൽ ചാംപ്യൻസ് ട്രോഫിയുടെ സംപ്രേക്ഷണാവകാശം ഏറ്റെടുക്കാൻ ആരും രംഗത്തുണ്ടാവില്ലെന്നാണ് ഐസിസി പറഞ്ഞത്. ഇന്ന് ഭാഗികമായി നടന്ന ഐസിസി, ബിസിസിഐ, പിസിബി പ്രതിനിധികളുടെ യോഗം നാളത്തേയ്ക്ക് മാറ്റിവെച്ചു. നാളെ ഹൈബ്രിഡ് മോഡലിൽ ചാംപ്യൻസ് ട്രോഫി നടത്താൻ പിസിബി സമ്മതം അറിയിക്കണമെന്ന് ഐസിസി നിർദ്ദേശം നൽകി. ഹൈബ്രിഡ് മോഡൽ അംഗീകരിക്കാത്ത പക്ഷം പാകിസ്താനെ ഒഴിവാക്കി ചാംപ്യൻസ് ട്രോഫി വേദി മറ്റൊരു രാജ്യത്തേയ്ക്ക് മാറ്റുമെന്ന് ഐസിസി വ്യക്തമാക്കി.
ഇന്ന് നടന്ന ചർച്ചയിൽ ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികൾ നിലപാടിൽ ഉറച്ച് നിന്നു. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ ടൂർണമെന്റ് കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. മറ്റ് ടീമുകൾക്ക് ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചോദിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കായി കഴിവുന്നതെല്ലാം ചെയ്യാമെന്ന് പാകിസ്താൻ ക്രിക്കറ്റ് വ്യക്തമാക്കുകയും ചെയ്തു.
ഏകദേശം 15 മിനിട്ട് മാത്രമാണ് യോഗം നീണ്ടത്. പ്രതിനിധികൾ തമ്മിൽ സമവായത്തിലെത്താൻ കഴിയാതിരുന്നതോടെ യോഗം നാളത്തേയ്ക്ക് മാറ്റി. വേദി തീരുമാനം ആകാത്തതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കേണ്ട ചാംപ്യൻസ് ട്രോഫിയുടെ മത്സര ക്രമവും പുറത്തുവന്നിട്ടില്ല.
Contnet Highlights: ICC Tells PCB To Accept Hybrid Model Or Champions Trophy Will Go Ahead Without Pakistan