ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ്. 516 എന്ന വിജയലക്ഷ്യത്തിലേക്കെത്താൻ ശ്രീലങ്കയ്ക്ക് ഇനി 413 റൺസ് കൂടി വേണം. നേരത്തെ മൂന്നിന് 132 എന്ന സ്കോറിൽ നിന്ന് മൂന്നാം ദിനം രാവിലെ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 366 റൺസെന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിനെ ഓർമിപ്പിക്കുന്നതാണ് ഡർബനിലെ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരവും. പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിൽ ഓൾ ഔട്ടാകുമ്പോൾ ക്രിക്കറ്റ് ലോകത്താരും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് ഓൾ ഔട്ടാക്കി ഇന്ത്യ തിരിച്ചടിച്ചു. സമാനമായി ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 191 റൺസിൽ പുറത്തായപ്പോൾ ശ്രീലങ്കൻ ആരാധകർ ആഘോഷിച്ചു. എന്നാൽ ശ്രീലങ്കയെ വെറും 42 റൺസിൽ തകർത്തിട്ടാണ് ദക്ഷിണാഫ്രിക്ക മറുപടി പറഞ്ഞത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര പേസാക്രമണം നയിച്ചപ്പോൾ ശ്രീലങ്കയെ നിഷ്പ്രഭമാക്കിയത് മാർകോ ജാൻസെന്ന പോരാളിയാണ്.
പെർത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ ഉണർന്ന് കളിച്ചു. യശസ്വി ജയ്സ്വാൾ ആക്രമിച്ചപ്പോൾ കെ എൽ രാഹുൽ പ്രതിരോധ മാർഗം റൺസ് കണ്ടെത്തി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിലെ 201 റൺസ് ഓസ്ട്രേലിയയിൽ ഇന്ത്യ നേടുന്ന എക്കാലത്തയും വലിയ ഓപണിങ് കൂട്ടുകെട്ടാണ്. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി കൂടിയാപ്പോൾ ഇന്ത്യൻ സ്കോർ ആറിന് 487 എന്ന മികച്ച നിലയിലെത്തി. 534 എന്ന ലക്ഷ്യം ഒരുഘട്ടത്തിലും ഓസീസ് ബാറ്റർമാർ എത്തിപ്പിടിക്കുമെന്ന് തോന്നിയില്ല. മാത്രമല്ല ഓസ്ട്രേലിയയ്ക്കെതിരെ 295 റൺസിന്റെ എക്കാലത്തെയും വലിയ വിജയമാണ് ഇന്ത്യ പെർത്തിൽ കുറിച്ചത്.
ഡർബനിൽ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് അടിത്തറയിട്ടത് ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ തെംബ ബാവുമയുമാണ്. സ്റ്റബ്സ് 221 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 122 റൺസെടുത്തു. 228 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ 113 റൺസായിരുന്നു ബാവുമയുടെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ നേടിയത് 249 റൺസാണ്. ശ്രീലങ്കയ്ക്കെതിരായ എക്കാലത്തെയും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇതെന്നത് മറ്റൊരു ചരിത്രം. പെർത്തിൽ നാലാം ദിവസമാണ് ഇന്ത്യ വിജയിച്ചത്. ഡർബനിൽ നാലാം ദിവസം ശ്രീലങ്കയുടെ പരാജയവും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. പെർത്തിൽ വിജയിച്ചത് സന്ദർശക രാജ്യമെങ്കിൽ ഡർബനിൽ ആതിഥേയ ടീമാണ് വിജയതീരത്തുള്ളത്.
Content Highlights: SLvsSA Durban test remembers IndvsAus Perth Test