ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനായി വിരാട് കോഹ്‍ലി എത്തുമെന്ന പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സിന് പിന്നാലെ രവിചന്ദ്രൻ അശ്വിനും. റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ ആരാകുമെന്ന് ഇപ്പോഴും സ്ഥിരീകരണങ്ങളായിട്ടില്ല. പക്ഷേ ടീമിന്റെ സ്ക്വാഡ് നോക്കിയാൽ വിരാട് കോഹ്‍ലിയാവും റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ. എ ബി ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
സമാനമായിരുന്നു രവിചന്ദ്രൻ അശ്വിന്റെയും പ്രതികരണം. കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനാകുമെന്ന് താൻ കരുതുന്നു. ഒരു ക്യാപ്റ്റനെ കണ്ടെത്താൻ റോയൽ ചലഞ്ചേഴ്സ് ലേലത്തിൽ ശ്രമിച്ചിട്ടില്ല. ടീം സ്ക്വാഡിലും കോഹ്‍ലി അല്ലാതെ മറ്റൊരാളെ ക്യാപ്റ്റനായി കാണാൻ സാധിക്കുന്നില്ലെന്നും രവിചന്ദ്രൻ അശ്വിൻ യുട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.
2013 മുതൽ 2021 വരെ കോഹ്‍ലി റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനായിരുന്നു. അതിൽ 2016ലെ ഐപിഎല്ലിൽ ടീമിനെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതാണ് കോഹ്‍ലിയുടെ പ്രധാന നേട്ടം. എന്നാൽ ഇന്ത്യൻ ടീമിന്റെ ഉൾപ്പെടെ നായകനായിരിന്നിട്ടും ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാൻ കോഹ്‍ലിക്ക് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിച്ച 68 മത്സരങ്ങളിൽ 40ലും വിജയിച്ചതാണ് വിരാട് കോഹ്‍ലിയെ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ റോയൽ ചലഞ്ചേഴ്സിനെ പ്രേരിപ്പിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് നിരയിൽ മറ്റാർക്കും ക്യാപ്റ്റൻസിൽ മികച്ച അനുഭവ സമ്പത്ത് ഇല്ല. കഴിഞ്ഞ സീസണിലെ നായകനായ ഫാഫ് ഡുപ്ലെസിസ് ഇത്തവണ അവർക്കൊപ്പമില്ല.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രൂണൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിങ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിങ്.
Content Highlights: 'Virat Kohli is going to captain': After AB de Villiers, Ravichandran Ashwin predicts RCB skipper