സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ട്വന്റി 20യിൽ പാകിസ്താന് തകർപ്പൻ വിജയം. 57 റൺസിനാണ് പാകിസ്താൻ സിംബാബ്‍വെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടിയിൽ സിംബാബ്‍വെ 15.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റൺസെടുത്ത ഉസ്മാൻ ഖാന്റെയും 39 റൺസ് നേടി പുറത്താകാതെ നിന്ന തയാബ് താഹിറിന്റെയും പോരാട്ടമാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇർഫാൻ 27 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ സയീം അയൂബ് 24 റൺസ് സംഭാവന ചെയ്തു.
മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെ നിരയിൽ 39 റൺസെടുത്ത സിക്കന്ദർ റാസയ്ക്കും 33 റൺസെടുത്ത തടിവാനശേ മരുമണിയ്ക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. പാകിസ്താനായി അബ്രാർ അഹമ്മദ്, സൂഫിയാൻ മുഖീം എന്നിവർ മൂന്ന് വിക്കറ്റുകൾ വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്താൻ 1-0ത്തിന് മുന്നിലെത്തി.
Content Highlights: PAK thrashes ZIM by 57 runs to take 1-0 series lead