ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ റോളിലെത്തി സർഫറാസ് ഖാൻ. ഇന്ത്യൻ ബൗളിങ്ങിന്റെ ആദ്യ ഓവറുകളിൽ റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. പിന്നീട് പന്തിന് പകരക്കാരനായി സർഫറാസ് ഖാൻ വിക്കറ്റ് കീപ്പറായി. ഇതിനു പിന്നാലെ ഇന്ത്യൻ ബൗളിങ്ങിന്റെ 23-ാം ഓവറിൽ താരം ഒലിവർ ഡേവിസിന്റെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു. ഇതിന് രോഹിത് ശർമ തമാശപൂർവം സർഫറാസിന്റെ പുറത്ത് തട്ടുകയും ചെയ്തു. കെ എൽ രാഹുലിനെപ്പോലെ ഏത് റോളും ചെയ്യുന്ന താരമായി സർഫറാസ് മാറുമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
അതിനിടെ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 46 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. വിജയലക്ഷ്യം പിന്നിടുമ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റായിരുന്നു നഷ്ടമായത്. ഇതിനാൽ ഇന്ത്യൻ വിജയം ആറ് വിക്കറ്റിനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ദ്വിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. പിന്നാലെ രണ്ടാം ദിവസം മത്സരം ഒരു ടീമിന് 50 ഓവർ എന്ന നിലയിൽ നടത്താൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. ഓപണർ സാം കോൺസ്റ്റാസ് 107 റൺസ് നേടി. 40 റൺസെടുത്ത ജാക് ക്ലെയ്ടൺ ആണ് മുൻനിരയിൽ ഭേദപ്പെട്ട സംഭാവന നൽകിയ മറ്റൊരു താരം. ഒമ്പതാമനായി ക്രീസിലെത്തി 61 റൺസെടുത്ത ഹന്നോ ജേക്കബ്സ് ആണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന്റെ സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാഗവും മികച്ച പ്രകടനം പുറത്തെടുത്തു. ഓപണർമാരായ യശസ്വി ജയ്സ്വാൾ 45, കെ എൽ രാഹുൽ 27 റിട്ടയർഡ് നോട്ട് ഔട്ട് എന്നിങ്ങനെ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ശുഭ്മൻ ഗിൽ മികച്ച ഫോമിന്റെ സൂചന നൽകി. 50 റൺസെടുത്ത് ഗിൽ റിട്ടയർഡ് നോട്ട് ഔട്ടായി. രോഹിത് ശർമ മൂന്ന് റൺസെടുത്തും സർഫ്രാസ് ഖാൻ ഒരു റൺസെടുത്തും പുറത്തായത് നിരാശയായി.
നിതീഷ് കുമാർ റെഡ്ഡി 42 റൺസെടുത്ത് തന്റെ ഫോം തുടർന്നു. രവീന്ദ്ര ജഡേജ 27 റൺസെടുത്ത് പുറത്തായി. വാഷിങ്ടൺ സുന്ദർ പുറത്താകാതെ 42 റൺസോടെയും ദേവ്ദത്ത് പടിക്കൽ നാല് റൺസോടെയും പുറത്താകാതെ നിന്നു.
Content Highlights: Sarfaraz, who came on as a substitute wicketkeeper to replace Rishabh Pant