ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഉപദേശവുമായി മിച്ചൽ ജോൺസൺ. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ യുദ്ധത്തിനെന്ന പോലെ ഇറങ്ങണമെന്നും ആസ്ട്രേലിയൻ മണ്ണിൽ ആദ്യ മത്സരം കളിക്കുന്ന യശ്വസ്വി ജയ്സ്വാൾ മിച്ചൽ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും മിച്ചൽ ജോൺസൺ പറഞ്ഞു. ഓസ്‌ട്രേലിയൻ ബാറ്റർമാർ കുറച്ച് കൂടി അഗ്ഗ്രസീവായി ക്രീസിൽ പെരുമാറണമെന്നും ജോൺസൺ പറഞ്ഞു. പെർത്തിൽ ആദ്യ മത്സരത്തിൽ തിളങ്ങാതിരിക്കുന്ന മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് പകരം പകരക്കാരെ കണ്ടെത്തണമെന്നും താരം അഭിപ്രായപ്പെട്ടു.
ആദ്യം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജയ്സ്വാൾ ആസ്ട്രേലിയൻ ബൗളർമാർക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. 161 റൺസ് നേടിയ താരം സ്റ്റാർക്കിന്‍റെ ബോൾ പതിയെയാണ് വരുന്നതെന്ന് മത്സരത്തിനിടെ പറയുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ ഹർഷിത് റാണയോട് നിന്നെക്കാൾ വേഗതയിൽ എനിക്ക് ബൗൾ ചെയ്യാൻ കഴിയുമെന്ന സ്റ്റാർക്കിന്റെ പ്രകോപനത്തിനോടുള്ള കൗണ്ടർ കൂടിയായിരുന്നു ജയ്‌സ്വാളിന്റെത്. സ്റ്റമ്പ് മൈക്കിൽ പകർത്തിയ ഈ രണ്ട് സംഭാഷണം പിന്നീട് വമ്പൻ ചർച്ചകൾക്ക് വഴി തുറന്നിരുന്നു.
പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. ജയ്സ്വാളും വിരാട് കോഹ്‌ലിയും ബാറ്റ് കൊണ്ടും ജസ്പ്രീത് ബുംമ്ര ബോൾ കൊണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. ഓസീസ് നിരയിൽ പരിക്കേറ്റ പേസർ ഹാസിൽവുഡ് കളിക്കില്ല. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. ബോളണ്ടിനെ കൂടാതെ സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെയും ഓസ്‌ട്രേലിയ അഡ്‌ലെെഡ് ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Mitchell Johnson advice on australia players before adelaide test