പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വെറ്ററന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇന്ത്യന്‍ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തതില്‍ പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയ്‌സ്വാള്‍ നിര്‍ണായക സെഞ്ച്വറിയും അടിച്ചെടുത്തിരുന്നു. ഇത്ര ചെറിയ പ്രായത്തില്‍ യുവതാരം കാഴ്ച വെക്കുന്ന തകര്‍പ്പന്‍ പ്രകടനത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുക്ക്.
'സെഞ്ച്വറി നേടിയതിന് ശേഷമുള്ള യശസ്വി ജയ്‌സ്വാളിന്റെ ആഘോഷം വളരെ മികച്ചതായിരുന്നു. ഇംഗ്ലണ്ടിനേക്കാളും ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയും ആഘോഷവും നന്നായി ആസ്വദിക്കാന്‍ കഴിയും', കുക്ക് പറഞ്ഞു.
മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്യുന്നതിലൂടെ 22കാരനായ ജയ്‌സ്വാളിന്റെ ആത്മവിശ്വാസമാണ് പ്രകടമാകുന്നതെന്നാണ് കുക്ക് പറയുന്നത്.
'മിച്ചല്‍ സ്റ്റാര്‍ക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്യുന്നതും കണ്ടു. അപ്പോള്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുപോലുമുണ്ടായിരുന്നില്ല. എന്നിട്ടുപോലും പന്തുകള്‍ക്ക് വേഗതയില്ലെന്ന് സ്റ്റാര്‍ക്കിനോട് ജയ്‌സ്വാള്‍ പറഞ്ഞു. സ്റ്റാര്‍ക്കിനെ നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. സ്റ്റാര്‍ക് ഒരിക്കലും പതുക്കെ പന്തെറിയാറില്ല', കുക്ക് ചൂണ്ടിക്കാട്ടി.
'ഇനിയെങ്ങാനും സ്റ്റാര്‍ക് പതുക്കെ പന്തെറിഞ്ഞാല്‍ തന്നെ എന്തെങ്കിലും പറയാനോ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത കൂട്ടാനോ ഞാന്‍ പറയാൻ പോവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ സ്റ്റാര്‍ക്കിനോട് അങ്ങനെ പറയാന്‍ 22 വയസുകാരനായ ജയ്‌സ്വാള്‍ തയ്യാറായി. 15 മത്സരങ്ങളില്‍ ടോപ് ഓര്‍ഡറില്‍ ഇറങ്ങി മറ്റേത് ഇന്ത്യന്‍ താരത്തേക്കാള്‍ കൂടുതല്‍ റണ്‍സ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടി. ബാറ്റുചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷനായിരുന്നിട്ടുപോലും അത്തരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കില്‍ ജയ്‌സ്വാള്‍ ഒരു ക്ലാസ്സി പ്ലേയറായിരിക്കും', കുക്ക് കൂട്ടിച്ചേര്‍ത്തു.
പെര്‍ത്ത് ടെസ്റ്റില്‍ ഏറ്റവും രസകരമായ രംഗമായിരുന്നു സ്റ്റാര്‍ക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യയുടെ അരങ്ങേറ്റതാരം ഹര്‍ഷിത് റാണയ്ക്ക് സ്റ്റാര്‍ക് 'മുന്നറിയിപ്പ്' നല്‍കിയത് വാര്‍ത്തയായിരുന്നു. വാലറ്റത്ത് ചെറുത്തുനില്‍ക്കുകയായിരുന്ന സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞ് ഹര്‍ഷിത് വിറപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയായിരുന്നു സ്റ്റാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബൗള്‍ ചെയ്ത ശേഷം തിരിഞ്ഞുനടക്കുകയായിരുന്ന ഹര്‍ഷിത്തിനെ നോക്കി 'ഞാന്‍ നിന്നേക്കാള്‍ വേഗത്തില്‍ പന്തെറിയും. നിനക്കത് ഓര്‍മയുണ്ടല്ലോ' എന്ന് സ്റ്റാര്‍ക്ക് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി റാണയും സ്റ്റാര്‍ക്കും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിന്റെ വാക്കുകള്‍ കേട്ട് ഹര്‍ഷിത്തും ചിരിക്കുന്നുണ്ട്.
മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ഹര്‍ഷിത് തന്നെ സ്വന്തമാക്കുകയും ചെയ്തു. 112 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
Mitch Starc offers a little warning to Harshit Rana 😆#AUSvIND pic.twitter.com/KoFFsdNbV2
— cricket.com.au (@cricketcomau) November 23, 2024
എന്നാല്‍ ഹര്‍ഷിത്തിനെ വെല്ലുവിളിച്ച സ്റ്റാര്‍ക്കിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി ജയ്‌സ്വാള്‍. 17-ാം ഓവറില്‍ പന്തെറിയാനെത്തിയ സ്റ്റാര്‍ക്കിനെ ബൗണ്ടറിയടിച്ചതിന് ശേഷമുള്ള അടുത്ത പന്തില്‍ ബീറ്റണായ ജയ്‌സ്വാളിനെ നോക്കി ഓസീസ് പേസര്‍ ചിരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് പ്രതിരോധിച്ചശേഷം 'താങ്കള്‍ക്ക് ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്' എന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. ജയ്‌സ്വാളിനെ നോക്കി ചിരിക്കുക മാത്രമാണ് സ്റ്റാര്‍ക്ക് ചെയ്തത്.
Content Highlights: Alastair Cook on Yashasvi Jaiswal sledging Mitchell Starc