സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറിൽ 87 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആന്ധ്ര 13 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ശ്രീകർ ഭരതിന്റെ അർധ സെഞ്ച്വറിയാണ് ആന്ധ്രപ്രദേശിന്റെ വിജയം എളുപ്പത്തിലാക്കിയത്.
ടോസ് നേടിയ ആന്ധ്രപ്രദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസൺ ഏഴ് റൺസോടെയും രോഹൻ കുന്നുമ്മൽ ഒമ്പത് റൺസോടെയും പുറത്തായി. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ജലജ് കേരളത്തിന്റെ ടോപ് സ്കോററായി. 19 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം സക്സേന 25 റൺസെടുത്തു.
മുഹമ്മദ് അഹ്സറുദീൻ പൂജ്യം, സൽമാൻ നിസാർ മൂന്ന്, വിഷ്ണു വിനോദ് ഒന്ന് തുടങ്ങിയ സ്കോറുകളുമായി കേരളത്തിന്റെ മറ്റ് ബാറ്റർമാർ ഡഗ് ഔട്ടിൽ തിരിച്ചെത്തി. അബ്ദുൾ ബാസിത് നേടിയ 18 റൺസാണ് കേരള നിരയിലെ രണ്ടാമത്തെ ടോപ് സ്കോർ. എം ഡി നിധീഷ് 14 റൺസും നേടി. ആന്ധ്രപ്രദേശിനായി കെ വി ശശികാന്ത് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ആന്ധ്ര പ്രദേശ് അനായാസം ലക്ഷ്യത്തിലെത്തി. 33 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 56 ശ്രീകർ ഭരത് 56 റൺസെടുത്ത് ടോപ് സ്കോററായി. കേരളത്തിനായി ബൗളിങ്ങിലും തിളങ്ങിയ ജലജ് സക്സേന മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Andhra Pradesh defeated Kerala in SMAT by six wickets