മുഷ്താഖ് അലി ട്രോഫിയില്‍ സര്‍വീസസിനെതിരെ മുംബൈക്ക് ജയം. 39 റൺസിന്റെ തകർപ്പൻ ജയമാണ് മുംബൈ നേടിയത്. സൂര്യകുമാര്‍ യാദവിന്‍റെയും ശിവം ദുബെയുടെയും വെടിക്കെട്ട് അർധ ശതകങ്ങളുടെ കരുത്തിലാണ് മുംബൈ വിജയം നേടിയത്. രണ്ട് പേരുടെയും ബാറ്റിങ് കരുത്തിൽ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ സര്‍വീസസ് 19.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായി.
മുംബൈക്കായി സൂര്യകുമാര്‍ യാദവ് 46 പന്തില്‍ ഏഴ് സിക്സറുകളും നാലു ഫോറുകളും പറത്തി 70 റണ്‍സടിച്ചപ്പോള്‍ ശിവം ദുബെ 37 പന്തില്‍ രണ്ട് ഫോറുകളും ഏഴ് സിക്സറുകളും പറത്തി 71 റണ്‍സുമായി പുറത്താകാതെ നിന്നു. പൂജ്യത്തിന് പുറത്തായി പൃഥ്വി ഷാ വീണ്ടും നിരാശപ്പെടുത്തി. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ 25 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ഷംസ് മുലാനി 40 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയ മുംബൈ നെറ്റ് റണ്‍ റേറ്റില്‍ കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ന് ആന്ധ്രപ്രദേശിനോട് തോറ്റതാണ് കേരളത്തിന് തിരിച്ചടിയായത്. നിലവിൽ മുംബൈക്ക് +1.330 റൺ റേറ്റും കേരളത്തിന് +1.018 റൺ റേറ്റുമാണ് ഉള്ളത്. മുംബൈക്ക് ഇനി നടക്കുന്ന അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയാണ് എതിരാളികൾ. അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിക്കുകയോ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.
Content Highlights: Suryakumar Yadav and Shivam Dube with fifty; win for mumbai in syed mushtaq ali trophy