അഡലെയ്ഡിൽ ഡിസംബർ ആറിന് തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയാൽ വിരാട് കോഹ്‍ലിക്ക് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ റെക്കോർഡുകളിലൊന്ന് സ്വന്തം പേരിലാക്കാം. ഓസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻറെ 76 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാനാണ് വിരാട് കോഹ്‍ലിക്ക് അവസരമുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ സന്ദർശ രാജ്യത്ത് കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡാണ് കോഹ്‍ലിയെ തേടിയെത്തുക. നിലവിൽ 1930 മുതൽ 1948 വരെയുള്ള കാലയളവിൽ ഇംഗ്ലണ്ടിൽ 19 ടെസ്റ്റ് കളിച്ച ബ്രാഡ്മാൻ 11 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ 43 ടെസ്റ്റുകൾ കളിച്ച കോഹ്‍ലി 10 സെഞ്ച്വറിയാണ് ഇതുവരെ നേടിയത്. ചരിത്ര നേട്ടത്തിന് ഒപ്പമെത്താൻ വിരാട് കോഹ്‍ലിക്ക് ഒരു സെഞ്ച്വറി നേട്ടമാണ് വേണ്ടത്.
ഓസ്ട്രേലിയയിൽ 43 മത്സരങ്ങൾ കളിച്ച കോഹ്‍ലി 2,710 റൺസ് നേടിയിട്ടുണ്ട്. 54.20 ആണ് ശരാശരി. 2014ൽ മെൽബണിൽ നേടിയ 169 റൺസാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വിരാട് കോഹ്‍ലി ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 81-ാം ശതകവും നേടിയിരുന്നു.
ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനൽ സാധ്യതകൾക്കും ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതകൾ മാറുകയാണ്. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമുണ്ട്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിജയമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാം. ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം.
ഇന്ത്യയുടെ വിജയം 3-2ന് ആണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി അവസാനം ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഒരു മത്സരം സമനിലയിൽ പിരിയുകയോ ശ്രീലങ്ക വിജയിക്കുകയോ ചെയ്യണം. ഇന്ത്യൻ വിജയം 2-2 എന്ന നിലയിൽ ആണെങ്കിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0ത്തിനും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. നിലവിൽ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിട്ടുണ്ട്.
Content Highlights: Virat Kohli eyes Don Bradman's 76-year-old huge Test record