ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനം കാണാനെത്തുന്നതില്‍ നിന്ന് കാണികളെ വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.
അഡ്‌ലെയ്ഡില്‍ നേരത്തെ ഓസ്ട്രേലിയന്‍ ടീമിന്‍റെ പരിശീലനം കാണാന്‍ നൂറിൽ താഴെ മാത്രമാണ് ആളുകള്‍ എത്തിയതെങ്കില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനം കാണാന്‍ അയ്യായിരത്തോളം പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ആരാധകരില്‍ പലരും ഇന്ത്യൻ താരങ്ങളെ വളഞ്ഞ് ഓട്ടോഗ്രാഫിനായി തിരക്ക് കൂട്ടിയത് കളിക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.
100 seconds of Virat Kohli in the nets 🤌 pic.twitter.com/8u81qpjw5E
— ESPNcricinfo (@ESPNcricinfo) December 3, 2024
ആരാധകരില്‍ ചിലര്‍ ഇന്ത്യൻ താരങ്ങളെ ബോഡി ഷെയ്മിംഗ് ചെയ്തതായും റിപ്പോർട്ടുണ്ട്. ബാറ്റിംഗ് പരിശീലനത്തിനിടെ ആരാധകർ നടത്തുന്ന ആര്‍പ്പുവിളികളും ഉച്ചത്തില്‍ കമന്‍റ് പറച്ചിലും താരങ്ങൾക്ക് ബുദ്ധിമുട്ടാകുന്നതായാണ് ബിസിസിഐ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചത്. കാണികളുടെ പെരുമാറ്റം അതിരുകടന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുലും വ്യക്തമാക്കിയിരുന്നു.
ഡിസംബർ ആറിന് വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
Content Highlights: Indian team to practice behind closed doors