ഇന്ത്യൻ ടീം, നിറയെ പ്രതിഭകൾ നിറഞ്ഞ ക്രിക്കറ്റ് ടീമാണെന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒന്നോ രണ്ടോ താരങ്ങളിൽ ശ്രദ്ധ കേന്ദ്രീക്കുന്നില്ലെന്നും താരം പറഞ്ഞു. 'ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ ടീമാണ്, ജസ്പ്രീത് ബുംമ്രയെയും വിരാട് കോഹ്‌ലിയെയും പോലെയുള്ള 'അസാധാരണ' കളിക്കാരെ നേരിടുന്നതില്‍ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മുഴുവന്‍ ഇന്ത്യന്‍ ടീമും അവിശ്വസനീയമാം വിധം കഴിവുള്ളവരാണ്' നഥാന്‍ ലിയോണ്‍ പറഞ്ഞു.
ബോര്‍ഡ ഗാവസ്‌കർ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയ 295 റണ്‍സ് വിജയം നേടിയതിന് പിന്നാലെ കോഹ്‌ലിയും ബുംമ്രയും ഉള്‍പ്പെടെയുള്ള താരങ്ങളെ കുറിച്ചാണ് ചര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ കഴിവുള്ള മികച്ച താരങ്ങളെ കാണാമെന്നും നഥാന്‍ ലിയോണ്‍ പറഞ്ഞു.
'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, വിജയിക്കുന്നതിന് മുഴുവന്‍ ടീമും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ ടീം അവിശ്വസനീയമാം വിധം കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഏതെങ്കിലും ഒരു കളിക്കാരനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മൈതാനത്തിറങ്ങുന്ന ഓരോ ഇന്ത്യന്‍ താരത്തോടും ഞങ്ങള്‍ക്ക് ബഹുമാനമല്ലാതെ മറ്റൊന്നുമില്ലെന്നും ലിയോണ്‍ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. 536 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് പെര്‍ത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. 300ലധികം വിക്കറ്റുകള്‍ നേടിയ രവീന്ദ്ര ജഡേജയും ടീമിന് പുറത്താണെന്ന് ലിയോണ്‍ പറഞ്ഞു.
ഡിസംബർ ആറ് വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
Content Highlights: Not just Kohli and Bumrah, everyone in the Indian team is a superstar; Nathan Lyon