ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്പിന്നർമാക്കും അനുകൂലമായ പിച്ച് തയ്യാറാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ. 'അഡ്ലെയ്ഡിൽ സ്പിന്നർമാർക്ക് എപ്പോഴും ഒരു റോൾ ഉണ്ടാകും. ടീമുകൾ മുൻനിര സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തണം.' ടീമിൽ ഒരു സ്പിന്നർ ആവശ്യമാണോ എന്നൊരു ചോദ്യം ഉണ്ടാകരുതെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പ്രതികരിക്കവെ പിച്ച് ക്യുറേറ്ററായ ഡാമിയേൻ ഹോ പറഞ്ഞു.
നിലവിൽ ഇന്ത്യൻ നിരയിൽ മൂന്ന് സ്പിന്നർമാരാണുള്ളത്. ആദ്യ ടെസ്റ്റിൽ കളിച്ച വാഷിങ്ടൺ സുന്ദറിനെക്കൂടാതെ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യൻ നിരയുടെ ഭാഗമാണ്. മൂന്ന് താരങ്ങൾക്കും ബാറ്റിങ്ങിലും സംഭാവന ചെയ്യാൻ കഴിയുമെന്നതിനാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ട് സ്പിന്നറെ ആവശ്യമെങ്കിൽ കളത്തിൽ ഇറക്കാൻ കഴിയും. നിതീഷ് കുമാർ റെഡ്ഡി ടീമിൽ ഉള്ളതിനാൽ ആവശ്യത്തിന് പേസർമാരും ഇന്ത്യൻ ടീമിലുണ്ട്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര, ഹർഷിത് റാണ എന്നിവരാണ് ആദ്യ ടെസ്റ്റ് കളിച്ചത്.
ഓസ്ട്രേലിയൻ നിരയിൽ നഥാൻ ലിയോൺ മാത്രമാണ് അനുഭവ സമ്പത്തുള്ള ഓഫ് സ്പിന്നർ. രണ്ടാം സ്പിന്നറായി നിലവിൽ ഓസ്ട്രേലിയ ആശ്രയിക്കുന്നത് ട്രാവിസ് ഹെഡിനെയാണ്. അഡ്ലെയ്ഡിലെ പിച്ച് സ്പിന്നർമാരെ തുണച്ചാൽ നഥാൻ ലിയോൺ ഓസീസിനായി കൂടുതൽ ഓവറുകൾ എറിയേണ്ടിവരും.
Content Highlights: Pitch Curator Drops Major Hint For India Ahead Of Day-Night Test In Adelaide