ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി നേട്ടത്തിൽ രണ്ടാമനായി ഇന്ത്യൻ യുവതാരം അഭിഷേക് ശർമ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയയ്ക്കെതിരെയാണ് അഭിഷേക് തന്റെ ബാറ്റിങ് വിസ്ഫോടനം പുറത്തെടുത്തത്. 28 പന്തുകൾ നേരിട്ട സെഞ്ച്വറിയിലെത്തിയ അഭിഷേക് 29 പന്തിൽ എട്ട് ഫോറും 11 സിക്സറും സഹിതം 106 റൺസുമായി പുറത്താകാതെ നിന്നു. മേഘാലയ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
ഈ വർഷം ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ച്വറിയിലെത്തിയ എസ്തോണിയ താരം സഹിൽ ചൗഹാൻ മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്ത് താരം ഉർവിൽ പട്ടേലും 28 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
പഞ്ചാബിനായി ടീം ക്യാപ്റ്റൻ കൂടിയായ അഭിഷേക് ബൗളിങ്ങിലും തിളങ്ങി. നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് അഭിഷേക് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം നേടിയെങ്കിലും പഞ്ചാബ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ എത്തിയേക്കില്ല. ആറ് മത്സരങ്ങളിൽ നിന്ന് വിജയമുള്ള രാജസ്ഥാനും ബംഗാളും മധ്യപ്രദേശും പോയിന്റ് ടേബിളിൽ പഞ്ചാബിന് മുന്നിലാണുള്ളത്.
Content Highlights: Abhishek Sharma hits 28-ball century, equals record for fastest T20 hundred by India batter