മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വർധിക്കുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈക്ക് മുന്നില്‍ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം ആന്ധ്ര മുന്നോട്ടുവെച്ചതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വർധിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(53 പന്തില്‍ 93*), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52) ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിൽ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചു. പത്ത് ഓവർ പിന്നിട്ടപ്പോൾ മുംബൈ രണ്ട് വിക്കറ്റിന് 127 റൺസ് എടുത്തിട്ടുണ്ട്.
ഗ്രൂപ്പ് ഇയില്‍ നിന്ന് നേരത്തെ തന്നെ ക്വാര്‍ട്ടറിലെത്തിയ ടീമാണ് ആന്ധ്ര. രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക ആന്ധ്ര-മുംബൈ മത്സരമാണ്. 20 പോയന്‍റും +3.006 നെറ്റ് റണ്‍റേറ്റുമായി ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കേരളത്തിനും മുംബൈക്കും 16 പോയന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍(+1.018) നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്(+1.330). ഇന്നത്തെ മത്സരത്തില്‍ ആന്ധ്രയോട് കനത്ത തോല്‍വി വഴങ്ങിയാൽ കേരളത്തിന് ക്വാര്‍ട്ടറിലെത്താം. ജയിക്കുകയോ ചെറിയ റൺസിൽ തോൽക്കുകയോ ചെയ്‌താൽ മുംബൈ തന്നെ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും.
Content Highlights: Syed Mushtaq Ali Trophy 2024 Andhra vs Mumbai