ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 180 റൺസിന് പുറത്ത്. മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റുമായി മിന്നും പ്രകടനം നടത്തിയപ്പോൾ 44.1 ഓവറിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ജയ്‌സ്വാളിനെ ഗോൾഡൻ ഡക്കാക്കിയാണ് സ്റ്റാർക് തുടങ്ങിയത്. പിന്നീട് ഇടവേളകളിൽ കെ എൽ രാഹുൽ, കിങ് കോഹ്‌ലി, ശുഭ് മാൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവരെയും പുറത്താക്കി. സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസൺ രണ്ട് വിക്കറ്റും നേടി.
ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് റെഡ്‌ഡി 42 റൺസും കെ എൽ രാഹുൽ 37 റൺസും ഗിൽ 31 റൺസും റിഷഭ് പന്ത് 22 റൺസും അശ്വിൻ 22 റൺസും നേടി. വാലറ്റത്തെ കൂട്ടുപിടിച്ച് നിതീഷ് നടത്തിയ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ ചെറിയ ടോട്ടലിൽ നിന്നും രക്ഷിച്ചത്. 54 പന്തിൽ മൂന്ന് സിക്സറുകളും നാല് ഫോറുകളുമടക്കമായിരുന്നു നിതീഷിൻെറ ഇന്നിങ്‌സ്. ജയ്‌സ്വാൾ(0), കോഹ്‌ലി (7), രോഹിത് ശർമ(3) എന്നിവർക്കൊന്നും തന്നെ കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ പെർത്ത് ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഓൾ ഔട്ടായിരുന്നു. എന്നാൽ ബുംമ്രയുടെ മാസ്മരിക ബൗളിങ്ങിൽ ഓസീസിനെ 104 റൺസിലൊതുക്കി. പിന്നീട് രണ്ടാം ഇന്നിങ്സിൽ ജയ്‌സ്വാൾ, കോഹ്‌ലി എന്നിവർ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യ 487 റൺസിന്റെ കൂറ്റൻ സ്കോർ നേടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിലും ബുംമ്ര മികച്ചെറിഞ്ഞപ്പോൾ ഓസീസ് ടോട്ടലിനെ 234 ലൊതുക്കുകയും 295 റൺസിന്റെ വിജയം നേടുകയും ചെയ്തു.
Content Highlights: border gavasker trophy adelaide test; india all out, starc with wickets