നിന്നെയോർത്ത് അഭിമാനിക്കുന്നു, യാത്ര തുടരുക; ബംഗാളിനായി അരങ്ങേറ്റം കുറിച്ച സഹോദരനെ അഭിനന്ദിച്ച് ഷമി

മത്സരത്തിന് ശേഷമാണ് സഹോദരനെ പ്രകീർത്തിച്ച് ഷമി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടത്

dot image

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ടൂർണമെന്‍റിൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ച സഹോദരൻ മുഹമ്മദ് കൈഫിനെ അഭിനന്ദിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് മുഹമ്മദ് കൈഫ് ബംഗാളിനായി കളിക്കാനിറങ്ങിയത്. ഷമിക്കൊപ്പം മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 44 റൺസ് വഴങ്ങി. മത്സരത്തിൽ ബംഗാൾ ഏഴ് വിക്കറ്റിന് ജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ ഷമി മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തു. രാജസ്ഥാൻ നിരയിൽ അഭിജിത് ടോമറെ, ശുഭം ഗര്‍വാൾ, ദീപക് ചാഹർ എന്നിവരെയാണ് ഷമി പുറത്താക്കിയത്. 48 പന്തില്‍ 78 റണ്‍സടിച്ച അഭിഷേക് പോറലും 45 പന്തില്‍ 50 റണ്‍സടിച്ച ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗാര്‍മിയുമാണ് ബംഗാളിന്‍റെ വിജയം അനായാസമാക്കിയത്.

മത്സരത്തിന് ശേഷമാണ് സഹോദരനെ പ്രകീർത്തിച്ച് ഷമി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. മത്സരത്തിനിടെ ഇരുവരും ഒരുമിച്ചെടുത്ത ഫോട്ടോ കൂടി ചേർത്തായിരുന്നു അഭിനന്ദനം. ‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിച്ചതിന് സഹോദരൻ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങൾ! ഈ അരങ്ങേറ്റം ഒരു നാഴികക്കല്ലാണ്, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. നമ്മുടെ മുഴുവൻ കുടുംബവും നിങ്ങൾക്കൊപ്പം സന്തോഷിക്കുന്നു, ഏറ്റവും മികച്ചത് നൽകുക, ഈ യാത്ര ആസ്വദിക്കുക!’ മുഹമ്മദ് ഷമി എക്സിൽ കുറിച്ചു.

Content Highlights: Mohammed Shami congratulates brother on his Syed Mushtaq Ali Trophy debut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us