അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 21. 4 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി.
അര്‍ധ സെഞ്ച്വറി നേടിയ 13കാരന്‍ വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. ശ്രീലങ്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട വൈഭവ് വെറും 24 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തില്‍ 67 റണ്‍സെടുത്ത വൈഭവാണ് മത്സരത്തിലെ താരം. കഴിഞ്ഞ മെഗാ ലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി മുടക്കി സ്വന്തമാക്കിയ താരമാണ് വൈഭവ്. ക്വാര്‍ട്ടറില്‍ യുഎഇക്കെതിരെയും വൈഭവ് അര്‍ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
A memorable day and innings for Vaibhav Suryavanshi as he steers India U19 to a commanding win and is also awarded the Player of the Match 🏆
— BCCI (@BCCI) December 6, 2024
Scorecard ▶️ https://t.co/016Tkd99kt#TeamIndia | #ACC | #ACCMensU19AsiaCup pic.twitter.com/pRLZcNkYR2
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റുമായി ചേതന്‍ ശര്‍മയാണ് എറിഞ്ഞിട്ടത്. 69 റണ്‍സെടുത്ത ലാക്‌വിന്‍ അഭയസിംഗെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 42 റണ്‍സെടുത്ത ഷാരുജന്‍ ഷണ്മുഖനാഥനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കിരണ്‍ ചോര്‍മാലെയും ആയുഷ് മാത്രെയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലങ്കന്‍ ഇന്നിങ്‌സ് 46.2 ഓവറില്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 8.3 ഓവറില്‍ 91 റണ്‍സാണ് ഓപണര്‍മാരായ വൈഭവും ആയുഷ് മാത്രെയും ചേര്‍ത്തത്. 28 പന്തില്‍ 34 റണ്‍സ് നേടിയ ആയുഷ് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. രണ്ടാമനായി തിരികെ കയറും മുമ്പ് 13.4 ഓവറില്‍ ഇന്ത്യയെ 132 റണ്‍സിലേക്ക് എത്തിക്കാന്‍ വൈഭവിന് കഴിഞ്ഞു.
ആന്ദ്രേ സിദ്ധാര്‍ത്ഥാണ് (27 പന്തില്‍ 22) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ (25), കെപി കാര്‍ത്തികേയ (11) എന്നിവര്‍ പുറത്താവാതെ നിന്നതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി. ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍ മത്സരം നടക്കുക.
Content Highlights: 13-year-old Vaibhav Suryavanshi powers India into the final of the under-19 Asia Cup