ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമായി മാറിയിരിക്കുകയാണ് ഇന്ന്. ഡിസംബര്‍ എട്ട് ഞായറാഴ്ച മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സീനിയര്‍ ടീം തോല്‍വി വഴങ്ങിയപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളും പരാജയപ്പെട്ടു. അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ പരാജയം വഴങ്ങിയ ഇന്ത്യന്‍ യുവനിര കിരീടവും കൈവിട്ടതോടെ ഇന്ത്യ ഇന്ന് മാത്രം തോല്‍വിയില്‍ 'ഹാട്രിക്' തികച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അഡലെയ്ഡ് ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയം കൈവിട്ടത്.
അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 337 റൺസ് സ്വന്തമാക്കുകയും 157 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 175 റൺസിൽ അവസാനിച്ചപ്പോൾ, ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 19 റൺസായി മാറി. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ഈ സ്കോർ മറികടക്കുകയും വിജയം സ്വന്തമാക്കുകയുമാണ് ഉണ്ടായത്. അഡലെയ്ഡിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമെത്തി.
അഡലെയ്ഡില്‍ പുരുഷ ടീമിന് പിന്നാലെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വനിതാ ടീമും ദയനീയ പരാജയം ഏറ്റുവാങ്ങി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 122 റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റിനു 371 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറും ഈ പ്രകടനം തന്നെ. ജയം തേടിയിറങ്ങിയ ഇന്ത്യ 44.5 ഓവറില്‍ 249 റണ്‍സിനു എല്ലാവരും പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ കൈവിടുകയും ചെയ്തു.
സീനിയര്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പിന്നാലെ ഇന്ത്യയുടെ യുവനിരയും പരാജയം വഴങ്ങി. അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനോടാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ദുബായില്‍ നടന്ന ഫൈനലില്‍ 59 റണ്‍സിന് ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ കിരീടം നിലനിര്‍ത്തി.
ഇന്ത്യയെ പരാജയപ്പെടുത്തി അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഉയര്‍ത്തി ബംഗ്ലാദേശ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഏഷ്യാകപ്പ് കിരീടം നിലനിര്‍ത്തിയത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 199 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ഔട്ടായി.
Content Highlights: India complete unwanted hat-trick on December 8 in cricket