ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ബോർഡർ-ഗാവസ്കർ ടോഫ്രിയിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയയാണ് രണ്ടാമത്. 2023-25 ചാംപ്യൻഷിപ്പിന്റെ ഭൂരിഭാഗം സമയവും ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ ഇനി ഏതാനും മാർഗങ്ങളുണ്ട്.
ബോർഡർ-ഗാവസ്കർ ട്രോഫി 4-1ന് വിജയിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താം. അതിനായി പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കണം. പരമ്പര 3-1ന് വിജയിച്ചാലും ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താം. 3-2നാണ് ഇന്ത്യ പരമ്പര വിജയിക്കുന്നതെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്ക ഒരു വിജയമെങ്കിലും നേടണം. ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് വിജയിക്കണം.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ 2-3ന് ഇന്ത്യ പരാജയപ്പെട്ടാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ കൂടുതൽ ദുർഘടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താൻ 2-0ത്തിന് വിജയിക്കുകയും ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഓസ്ട്രേലിയ ഒരു ടെസ്റ്റ് എങ്കിലും വിജയിക്കുകയും വേണം.
Content Highlights: How India Can Qualify For WTC Final