ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25ൽ 10 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 109 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 358 റൺസെടുത്തു. മറുപടി പറഞ്ഞ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 328 റൺസിൽ എല്ലാവരും പുറത്തായി. 30 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 317 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ശ്രീലങ്കൻ വിജയലക്ഷ്യം 348 റൺസായി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 238 റൺസിൽ ശ്രീലങ്കയുടെ എല്ലാവരും പുറത്തായി.
ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവശേഷിച്ച മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനം സാധ്യമാകൂ. ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പര വിജയിച്ചാൽ മാത്രമെ ഇനി ശ്രീലങ്കയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ബാക്കിയുള്ളു. ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾ മാത്രമാണ് ഇനി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിനായി മത്സരിക്കുന്നത്.
Content Highlights: WTC Final Updated Scenario, South Africa in top spot