
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കളിക്കുക ബ്രിസ്ബെയ്നിലെ ഗാബയിലാണ്. 2021ൽ ഇതേ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കി. പക്ഷേ അന്ന് ഇന്ത്യൻ വിജയത്തിനായി നിർണായക പ്രകടനങ്ങൾ നടത്തിയ ചില താരങ്ങൾ ഇന്ന് ദേശീയ ടീമിന്റെ ഭാഗമല്ല. ചിലർക്ക് ഇനിയൊരിക്കലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ് സാധ്യമല്ലെന്നതും യാഥാർത്ഥ്യം.
കഴിഞ്ഞ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരത്തിന് ശേഷം ടി നടരാജൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ചിട്ടില്ല. ഗാബയിൽ അരങ്ങേറ്റ മത്സരം കളിച്ച താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ടെസ്റ്റ് കരിയറിൽ ഒരൊറ്റ മത്സരത്തിൽ മാത്രമായി നടരാജന്റെ കരിയർ ഒതുങ്ങി നിൽക്കുന്നു. കഴിഞ്ഞ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലാണ് നവ്ദീപ് സൈനി അരങ്ങേറിയത്. രണ്ട് ടെസ്റ്റിൽ നിന്നായി നാല് വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ഇന്ത്യൻ റെഡ്ബോൾ ടീമിൽ സൈനിക്ക് കളത്തിലിറങ്ങാൻ സാധിച്ചില്ല.
കഴിഞ്ഞ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ ഹീറോയായിരുന്ന ചേതേശ്വർ പുജാരയ്ക്കും പിന്നീട് അധികകാലം ഇന്ത്യൻ ക്രിക്കറ്റിൽ തുടരാൻ സാധിച്ചില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലാണ് അവസാനമായി പുജാര ഇന്ത്യയ്ക്കായി കളിച്ചത്. കഴിഞ്ഞ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അത്രമേൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന താരമാണ് മായങ്ക് അഗർവാൾ. 2022 മാർച്ചിൽ ബെംഗളൂരുവിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിലാണ് മായങ്ക് അവസാനമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായത്.
മുൻനിര ബാറ്റർമാർ വീഴുമ്പോൾ പലപ്പോഴും വാലറ്റത്ത് നിർണായക സംഭാവനകൾ നൽകിയിരുന്ന താരമായിരുന്നു ഷാർദുൽ താക്കൂർ. വിദേശ മണ്ണിൽ പലതവണ താക്കൂറിന്റെ പ്രകടനം ഇന്ത്യയ്ക്ക് മാന്യമായ സ്കോർ നേടി നൽകിയിട്ടുണ്ട്. എന്നാൽ 2023 ഡിസംബറിൽ സെഞ്ചൂറിയനിലാണ് അവസാനമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ താക്കൂർ കളിച്ചത്. എല്ലാവരെക്കാളും ഉപരിയായി ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയ്ക്കായി നേടിയ നായകൻ അജിൻക്യ രഹാനെയും ഇപ്പോൾ ദേശീയ ടീമിന്റെ ഭാഗമല്ല. 2023-25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അജിൻക്യ രഹാനെ അവസാനമായി ഇന്ത്യൻ ടീമിന്റെ ഭാഗമായത്.
Content Highlights: Indian Gabba Test Stars Who Are Now History