അഗ്രഷന്റെയും പാഷന്റേയും കാര്യത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പോലെയാണ് പേസര്‍ മുഹമ്മദ് സിറാജെന്ന് ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡ്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡുമായി സിറാജ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹേസല്‍വുഡ് അഭിപ്രായപ്പെട്ടത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കുന്ന സമയത്ത് സിറാജിനൊപ്പമുള്ള സമയം ആസ്വദിച്ചിരുന്നുവെന്നും ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
'റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ സിറാജിനൊപ്പം മികച്ച സമയം ചെലവഴിച്ചിരുന്നു. ബെംഗളൂരുവിന്റെ ബൗളിങ് ആക്രമണത്തിന്റെ നേതാവായിരുന്നു സിറാജ്. അദ്ദേഹം വിരാട് കോഹ്‌ലിയെപോലെയാണ്. കാണികളെ ഇളക്കിമറിക്കാനും ആവേശഭരിതരാക്കാനും കോഹ്‌ലിയെ പോലെ സിറാജിനും കഴിയും. ഐപിഎല്ലില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്ന സിറാജ് നല്ലൊരു വ്യക്തിത്വത്തിനുടമയുമാണ്', ഹേസല്‍വുഡ് പറഞ്ഞു.
അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സിറാജ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റേതടക്കം നിര്‍ണായകമായ നാല് വിക്കറ്റുകളാണ് അഡലെയ്ഡില്‍ സിറാജ് പിഴുതത്. ഗ്രൗണ്ടില്‍ അഗ്രഷനും വാക്കുതര്‍ക്കങ്ങളും കൊണ്ടും സിറാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചു.
അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നുമായി സിറാജ് വാക്കേറ്റത്തിലേര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. സിറാജ് റണ്‍അപ് പൂര്‍ത്തിയാക്കിയതിന് ശേഷം ലബുഷെയ്ന്‍ ബാറ്റിങ്ങില്‍ നിന്ന് പിന്‍വാങ്ങിയതാണ് സിറാജിനെ ചൊടിപ്പിച്ചത്. പിന്നാലെ സിറാജ് ദേഷ്യത്തോടെ പന്ത് ലബുഷെയ്‌ന് നേരെ വലിച്ചെറിയുകയായിരുന്നു.
Mohammed Siraj was not too pleased with this 😂#AUSvIND pic.twitter.com/1QQEI5NE2g
— cricket.com.au (@cricketcomau) December 6, 2024
പിന്നാലെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെയും സിറാജ് കലഹിച്ചു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. 141 പന്തിൽ 140 റൺസ് നേടിയ ട്രാവിസ് ഹെഡിനെ കിടിലൻ ഇൻസ്വിങ് യോർക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു.
ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ മുഹമ്മദ് സിറാജ് കൈചൂണ്ടി കാണിക്കുകയും ചെയ്തു. മറുപടിയായി വാക്കുകൾ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രംഗം കൊഴുക്കുകയായിരുന്നു. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.
There was a bit happening here between Head and Siraj after the wicket 👀#AUSvIND pic.twitter.com/f4k9YUVD2k
— 7Cricket (@7Cricket) December 7, 2024
ഈ സംഭവത്തിൽ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. സിറാജിനും ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു.
Josh Hazlewood Calls Mohammed Siraj A Bit Like Virat Kohli