ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ കഴിഞ്ഞ 5 വര്‍ഷമായി ബുദ്ധിമുട്ടുകയാണ്: ആൻഡി റോബർട്സ്

'അഡലെയ്ഡിലെ പരാജയത്തിന് ശേഷം ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല'

dot image

സമീപകാലത്ത് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിരാട് കോഹ്‌ലിക്ക് നിര്‍ദേശവുമായി വിന്‍ഡീസിന്റെ പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്‌സ്. പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് അഡലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സുമാണ് കണ്ടെത്താനായത്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ റോബര്‍ട്‌സ് താരം ബാറ്റിങ്ങില്‍ അല്‍പം കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

'അഡലെയ്ഡിലെ പരാജയത്തിന് ശേഷം ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ത്യന്‍ ടീം ബാറ്റിങ് ശരിയാക്കേണ്ടതുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ബുദ്ധിമുട്ടുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഗെയിമിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമാണ് നിങ്ങള്‍ക്ക് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുക. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം മുന്‍പത്തെ പോലെയല്ല. ഇപ്പോള്‍ മുന്‍നിര ബാറ്റര്‍മാര്‍ പോലും നന്നായി ബുദ്ധിമുട്ടുന്നത് കാണാറുണ്ട്', റോബര്‍ട്‌സ് പറഞ്ഞു.

സമീപകാല ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 2020 മുതല്‍ 36 മത്സരങ്ങളില്‍ നിന്ന് 32.14 ശരാശരിയില്‍ മൂന്ന് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ചുറികളും സഹിതം 1961 റണ്‍സാണ് കോഹ്ലി നേടിയത്. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 93 റണ്‍ മാത്രമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ബ്രിസ്‌ബേയ്‌നില്‍ ഡിസംബര്‍ 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഫോമിലേക്ക് ഉയരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Andy Roberts comes up with advice for struggling Virat Kohli

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us