ക്രിക്കറ്റ് മൈതാനങ്ങളില്‍ ഒരുകാലത്ത് വേഗതയുടെ മറുപേരായിരുന്നു ഹെന്റി ഒലോങ്ക. തീപാറും പന്തുകളുമായി ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ വിറപ്പിച്ച സിംബാബ്‌വെയുടെ മുന്‍ പേസ് ബൗളര്‍. 1998ലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഉണ്ടായ വാക്‌പോര് മാത്രം മതി ഇന്ത്യക്കാര്‍ക്ക് ഹെന്റി ഒലോങ്ക എന്ന 'മിന്നല്‍പ്പിണറി'നെ ഓര്‍മിക്കാന്‍.
1999 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ അവസാനത്തെ മൂന്ന് വിക്കറ്റുകളും ഒറ്റ റണ്‍ പോലും വഴങ്ങാതെ പിഴുതെറിഞ്ഞ് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ച പേസ് ബൗളര്‍ സൃഷ്ടിച്ച ഞെട്ടല്‍ ഇന്നും ഇന്ത്യക്കാരില്‍ നിന്ന് വിട്ടുപോയിട്ടുണ്ടാകില്ല. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളില്‍ നിറഞ്ഞുനിന്ന താരത്തിന്റെ ജീവിതം ഇന്ന് തീര്‍ത്തും വ്യത്യസ്തമായ തലത്തിലാണ്. മനോഹരമായി പിരിച്ചുവെച്ച മുടിയിഴകളുമായി കളത്തിലിറങ്ങി ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയ ഒലോങ്കയുടെ മറ്റൊരു മുഖമാണ് വിരമിച്ചതിന് ശേഷം ആരാധകര്‍ കണ്ടത്. അറിയപ്പെടുന്ന ഗായകനായി മാറിയിരുന്ന ഒലോങ്ക ഇപ്പോള്‍ ചിത്രകാരന്റെ വേഷം കൂടിയണിഞ്ഞ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
2003ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഒലോങ്ക 2015-ഓടെ ഓസ്‌ട്രേലിയയിലേയ്ക്ക് മാറിത്താമസിച്ചിരുന്നു. പിന്നാലെ ആര്‍മി വേഷത്തില്‍ ഒരു മ്യൂസിക് ബാന്‍ഡിനൊപ്പമാണ് സിംബാബ്‌വെയുടെ പേസര്‍ പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത ഒലോങ്ക സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചിത്രകാരനായിട്ടാണ് ഒലോങ്ക പ്രത്യക്ഷപ്പെട്ടത്. 2015 മുതല്‍ ഭാര്യ ടാരയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് ഒലോങ്ക താമസിക്കുന്നത്. അന്നുമുതല്‍ പലവേദികളിലും പെയിന്ററായും പരിശീലകനായും അമ്പയറായും ഒലോങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്.
At the India vs Aus test in the Village to memorialise the Adelaide pink test in a painting. It's gonna be rockin here pic.twitter.com/5ObyU2d7wt
— Henry Olonga (@henryolonga) December 6, 2024
ഇപ്പോള്‍ പെയിന്ററായുള്ള തന്റെ പുതിയ വേഷത്തെ കുറിച്ചും സംസാരിക്കുകയാണ് ഒലോങ്ക. 'എനിക്ക് എല്ലായ്‌പ്പോഴും ചിത്രകല വശമുണ്ടായിരുന്നു. ആ കഴിവിനെ ഒരിക്കലും വ്യത്യസ്തമോ വിചിത്രമോ ആയി ഞാന്‍ കണ്ടിട്ടില്ല. വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം. ഒരു കാര്യം മാത്രം ചെയ്യുമ്പോള്‍ എനിക്ക് ബോറടിക്കാറുണ്ട്', ഒലോങ്ക മാധ്യമങ്ങളോട് പറഞ്ഞു.
2003 ഏകദിന ലോകകപ്പിലാണ് ഒലോങ്ക അവസാനമായി സിംബാബ്‌വെയ്ക്ക് വേണ്ടി കളിച്ചത്. അതിന് ശേഷം സിംബാബ്‌വെയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഒലോങ്ക സ്വീകരിച്ച നിലപാട് ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്തുപോകലിന് വഴിയൊരുക്കി.
Content Highlights: Known for memorable cricket rivalries with Sachin Tendukar, Henry Olonga turns painter in Adelaide