പാകിസ്താന്റെ ഓള്‍റൗണ്ടര്‍ ഇമാദ് വസീം രണ്ടാം തവണയും ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇമാദ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ 2024ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഇമാദ് വീണ്ടും പാക് ടീമിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ട്വിറ്ററിലൂടെ താന്‍ ക്രിക്കറ്റ് മതിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
'ഒരുപാട് ചിന്തകള്‍ക്കുശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ലോകത്തിന് മുന്നില്‍ പാകിസ്താനെ പ്രതിനിധീകരിക്കാന്‍ സാധിക്കുകയെന്നത് എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു. പച്ചജഴ്‌സിയണിഞ്ഞ ഓരോ നിമിഷവും അവിസ്മരണീയമായിരുന്നു.
To all fans & supporters:
— Imad Wasim (@simadwasim) December 13, 2024
After much thought and reflection, I have decided to retire from international cricket. Representing Pakistan on the world stage has been the greatest honor of my life, and every moment wearing the green jersey has been unforgettable.
Your unwavering…
ആരാധകരുടെ അചഞ്ചലമായ പിന്തുണയും സ്‌നേഹവും പാഷനുമായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. ഉയര്‍ച്ച താഴ്ചകളില്‍ നിങ്ങള്‍ നല്‍കിയ പ്രോത്സാഹനമാണ് നമ്മുടെ രാജ്യത്തിന് വേണ്ടി എന്റെ മികച്ചത് നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ അധ്യായം അവസാനിക്കുമ്പോഴും ആഭ്യന്തര ക്രിക്കറ്റിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും എന്റെ യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനും നന്ദി', ഇമാദ് എക്‌സില്‍ കുറിച്ചു.
പാകിസ്ഥാനുവേണ്ടി 55 ഏകദിനങ്ങളും 75 ടി20യുമായി 130 വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഇമാദ്. ഇതില്‍ ആറ് അര്‍ധസെഞ്ച്വറികളടക്കം 1540 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റും വീഴ്ത്തി പാകിസ്താന് വേണ്ടി 117 വിക്കറ്റുകളും ഇടങ്കയ്യന്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്.
Content Highlights: Pakistan All-Rounder Imad Wasim Announces Retirement From International Cricket