ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ഗസ് അറ്റ്കിൻസൺ. അരങ്ങേറ്റ മത്സരത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ 50 വിക്കറ്റ് നേടുന്ന ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം താരമാണ് അറ്റ്കിൻസൺ. 2024 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അറ്റ്കിൻസന്റെ അരങ്ങേറ്റം. ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഡാരൽ മിച്ചലിനെ പുറത്താക്കിയതോടെ അറ്റ്കിൻസൺ ചരിത്ര നേട്ടത്തിലേക്കെത്തി. മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഓസ്ട്രേലിയൻ മുൻ പേസർ ടെറി ആള്‍ഡര്‍മാന്‍ മാത്രമാണ്. അരങ്ങേറ്റ വർഷത്തിൽ 54 വിക്കറ്റുകളാണ് ആൾഡർമാൻ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ്. ടോം ലേഥവും വിൽ യങ്ങും ഒന്നാം വിക്കറ്റിൽ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയതാണ് കിവീസ് നിരയ്ക്ക് തിരിച്ചടിയായത്. 63 റൺസെടുത്ത ടോം ലേഥം തന്നെയാണ് കിവീസ് നിരയിലെ ഇതുവരെയുള്ള ടോപ് സ്കോറർ.
വിൽ യങ് 42, കെയ്ൻ വില്യംസൺ 44 എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. 50 റൺസുമായി പുറത്താകാതെ നിൽക്കുന്ന മിച്ചൽ സാന്റനർ ആണ് ന്യൂസിലാൻഡ് സ്കോർ 300 കടത്തിയത്. ഇംഗ്ലണ്ട് നിരയിൽ ഗസ് അറ്റ്കിൻസൺ, മാത്യൂ പോട്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡൻ കാർസ് രണ്ടും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlights: 2nd Time In 147 Years: England Pacer Makes History