സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. മൂന്നാം ട്വന്റി 20യിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് അഫ്ഗാൻ സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 19.5 ഓവറിൽ 127 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് അഫ്ഗാൻ സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ സിംബാബ്‍വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർ ബ്രയാൻ ബെന്നറ്റ് 31 റൺസോടെ സിംബാബ്‍വെയുടെ ടോപ് സ്കോററായി. വെസ്‌ലി മധേവെരെ 21 റൺസും സംഭാവന ചെയ്തു. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാൻ നാല് വിക്കറ്റെടുത്തു. അസ്മത്തുള്ള ഒമർസായി, മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ ഒരു ഘട്ടത്തിൽ നാലിന് 44 എന്ന നിലയിൽ തകർന്നിരുന്നു. പിന്നാലെ അസ്മത്തുള്ള ഒമർസായി നേടിയ 34 റൺസിന്റെയും ഗുലാബ്ദീൻ നയീബ് നേടിയ 22 റൺസിന്റെയും പുറത്താകാതെ 24 റൺസ് നേടിയ മുഹമ്മദ് നബിയുടെയും പോരാട്ടത്തിന്റെ ബലത്തിലാണ് അഫ്ഗാനിസ്ഥാൻ വിജയത്തിലേക്കെത്തിയത്. ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഉൾപ്പെടെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം പരമ്പര വിജയമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിൽ വിജയിച്ചിരുന്നു.
Content Highlights: Afghanistan beat Zimbabwe by 3 wickets