ഓസീസിന്റെ ഒരു കാലത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിട്ടാണ് മുൻ ഓപണറായ മാത്യു ഹെയ്ഡൻ കണക്കാക്കപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപണർമാരിലൊരാളായ ഹെയ്ഡൻ ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ പ്രശംസിച്ച് രംഗത്തെത്തിയത് വാർത്തയായിരുന്നു.
2003ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തൻ്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്ന് സ്വന്തമാക്കിയിരുന്നു. അന്ന് ബ്രിസ്‌ബേനിൽ നടന്ന ആദ്യ ടെസ്റ്റിൽ, ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ 196 പന്തിൽ 144 റൺസ് നേടുകയുണ്ടായി അദ്ദേഹം. അന്ന് ഓഫ്‌സൈഡിൽ ചന്തമാർന്ന ഷോട്ടുകൾ വഴി 18 ഫോറുകൾ പറത്തിയായിരുന്നു ദാദയുടെ മാസ് സെഞ്ച്വറി. സമനിലയിൽ അവസാനിച്ച ആ മത്സരത്തിൽ ക്യാപ്റ്റൻ ഗാംഗുലി തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.
സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ ഇതിനെകുറിച്ച് ഓർമിച്ച ഹെയ്ഡൻ ഗാംഗുലിയുടെ ആക്രമണാത്മക മനോഭാവം എടുത്തുകാട്ടുകയുണ്ടായി. 'അതൊരു സെൻസേഷനൽ നോക്കായിരുന്നു. അന്ന് ഓസ്‌ട്രേലിയയിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഗാംഗുലിയെ വിമർശിച്ചവരായിരുന്നു ഏറെയും. ഗാംഗുലി ഇവിടെ പരാജയപ്പെടും എന്നും ഏറെപ്പേർ പറഞ്ഞിരുന്നു. എന്നാൽ വിമർശകർക്ക് അദ്ദേഹം ബാറ്റ് കൊണ്ട് മറുപടി നൽകി. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വിപ്ലവം ആരംഭിച്ചത് അദ്ദേഹമാണെന്ന് ഞാൻ പറയും. ആവശ്യമുള്ളപ്പോൾ എതിരാളികളെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ആറ്റിറ്റ്യൂഡ് കൊണ്ടു വന്നത് സൗരവാണ്. ഒരു യാത്രാ ഗ്രൂപ്പായി മാറുന്നതിന് പകരം ആക്രമണോത്സുകരായിരിക്കാൻ കളിക്കാരോട് പറഞ്ഞത് ഗാംഗുലിയാണ്,' ഹെയ്ഡൻ പറഞ്ഞത് ഇങ്ങനെ.
എന്നാൽ ഈ വാക്കുകൾ കേട്ടുനിന്ന കൂടെയുള്ള ഗാവസ്‌ക്കറിന് വ്യത്യസ്തമായിരുന്നു അഭിപ്രായം. അതദ്ദേഹം തുറന്നു പറയുകയും ചെയ്തു. 'പണ്ട് ഓസ്‌ട്രേലിയയിൽ രണ്ട് പരമ്പരകൾ സമനിലയിലാക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ കാലത്ത് കഴിഞ്ഞിട്ടുണ്ട്. ആക്രമണോത്സുകമായ സമീപനം നിങ്ങളെ ഒരിക്കലും ഉള്ളിൽ തീ കത്തുന്ന ഒരു കളിക്കാരനാക്കുന്നില്ല. എംഎസ് ധോണി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ എന്നിവർ ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല, എന്നാൽ അതിനർത്ഥം അവരുടെ ഉള്ളിൽ തീ ഉണ്ടായിരുന്നില്ല എന്നല്ല. ആ ഇന്നിംഗ്‌സിൽ ഗാംഗുലി തൻ്റെ ക്ലാസ് കാണിക്കുകയും ഓസ്‌ട്രേലിയൻ മാധ്യമങ്ങളെ തൻ്റെ കഴിവ് ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഞാൻ പറയുക. ഗാവസ്കർ പറഞ്ഞതിങ്ങനെ.