സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ ഫൈനല്‍ കാണാതെ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. മുംബൈയ്‌ക്കെതിരായ സെമിഫൈനലില്‍ ആറ് വിക്കറ്റിനാണ് ബറോഡ കീഴടങ്ങിയത്. ബറോഡയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ആരാധകരോടുള്ള സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ മൈതാനത്ത് കൈയടി നേടുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ.
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് ബറോഡയും മുംബൈയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടന്നത്. മത്സരത്തിനിടെ കാണികളില്‍ ചിലര്‍ ഗ്രൗണ്ടിലേയ്ക്ക് അതിക്രമിച്ച് കടന്നിരുന്നു. മൂന്ന് ആരാധകരാണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഹാര്‍ദിക്കിനെ കാണാനായി മൈതാനത്തേക്ക് പ്രവേശിച്ചത്.
Hardik Pandya tells security guys not to use force on three guys who came to meet him. Got a huge roar from the crowd👏🏻
— Rohan Gangta (@rohan_gangta) December 13, 2024
A beautiful gesture from Hardik Pandya❤️ pic.twitter.com/JxtDaT523q
ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുകയും അതിക്രമിച്ചെത്തിയവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയും ചെയ്തു. ഇതുകണ്ടതും ഹാര്‍ദിക് ഇടപെടുന്നുണ്ട്. ആരാധകരോട് പരുഷമായി പെരുമാറരുതെന്ന് ഹാര്‍ദിക് ഗ്രൗണ്ടില്‍ നിന്നുകൊണ്ട് വിളിച്ചുപറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹാര്‍ദിക് വിളിച്ചുപറയുന്നതുകേട്ട് ഗ്യാലറിയിലിരിക്കുന്ന മറ്റ് ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നതും വീഡിയോയിലുണ്ട്. ടീം പരാജയം വഴങ്ങിയെങ്കിലും ഹാര്‍ദ്ദിക്കിന്റെ ഈ പ്രവൃത്തി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.
Content Highlights: Hardik Pandya’s heartwarming gesture for fans who broke through security to meet him