ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനെ നയിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി രജത് പാട്ടിദാർ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പാട്ടിദാർ നായകനായ മധ്യപ്രദേശ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് പാട്ടിദാർ തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
'തീർച്ചയായും റോയൽ ചലഞ്ചേഴ്സിനെ നയിക്കാൻ ഒരു അവസരം ലഭിക്കാൻ ആഗ്രഹിക്കുകയാണ്. അതിനായാണ് ഞാൻ കാത്തിരിക്കുന്നത്. ആ അവസരം ലഭിച്ചാൽ എനിക്ക് സന്തോഷമാകും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെന്റാണ്. എന്റെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിൽ നിന്നും ക്യാപ്റ്റനാകാനുള്ള തന്ത്രങ്ങൾ ഞാൻ ഒരുപാട് പഠിച്ചു. എല്ലാവർക്കും അറിയാവുന്നതുപോലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കോച്ചാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്'. രജത് പാട്ടിദാർ വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലം പൂർത്തിയായപ്പോൾ റോയൽ ചലഞ്ചേഴ്സ് നിരയിൽ ആര് ക്യാപ്റ്റനാകുമെന്ന് സംശയങ്ങൾ ഉയർന്നിരുന്നു. ക്യാപ്റ്റനായി അനുഭവ സമ്പത്തുള്ള വിരാട് കോഹ്‍ലി മാത്രമാണ് ബെംഗളൂരു നിരയിലുള്ളത്. ഭുവനേശ്വർ കുമാർ എതാനും മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ചിട്ടുണ്ട്. എന്നാൽ നായകനായി രജത് പാട്ടിദാറിലേക്ക് ടീം മാനേജ്മെന്റ് എത്തുമോയെന്ന് കാത്തിരുന്ന് കാണണം.
ഐപിഎൽ 2025നുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം: വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രൂണൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിങ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിങ്.
Content Highlights: Rajat Patidar opens up on the leadership of RCB