ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കെതിരെ നിലയുറപ്പിച്ച് ഓസീസ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റണ്‍സെന്ന ശക്തമായ നിലയിലാണ്. അലക്‌സ് ക്യാരിയും (45) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (7) ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ച്വറിയടിച്ച് തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Stumps on Day 2 in Brisbane!
— BCCI (@BCCI) December 15, 2024
Australia reach 405/7 in the 1st innings.
Jasprit Bumrah the pick of the bowlers for #TeamIndia so far with bowling figures of 5/72 👏👏
Scorecard - https://t.co/dcdiT9NAoa#AUSvIND pic.twitter.com/500JiP8nsQ
ആദ്യദിനം മഴയെടുത്തതിന് പിന്നാലെ വിക്കറ്റ് നഷ്ടമാവാതെ 28 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 54 പന്തില്‍ 21 റണ്‍സെടുത്ത ഓപണർ ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംമ്ര റിഷഭ് പന്തിന്റെ കൈയിലെത്തിച്ചു. നഥാന്‍ മക്‌സ്വീനിയേയും (9) ബുംമ്ര മടക്കി അയച്ചു. പോരാട്ടം തുടർന്ന മാര്‍നസ് ലബുഷെയ്നെ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താക്കി. 55 പന്തില്‍ 12 റണ്‍സെടുത്തായിരുന്നു ലബുഷെയ്ന്റെ മടക്കം. ഇതോടെ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു.
ഇതിനുശേഷം ഒരുമിച്ച ഹെഡും സ്മിത്തും സെഞ്ച്വറിയടിച്ച് ആക്രമിച്ചുകളിച്ചതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി. 190 പന്തില്‍ 101 റണ്‍സെടുത്ത സ്മിത്താണ് ആദ്യം മടങ്ങിയത്. ബുംമ്രയ്ക്കായിരുന്നു വിക്കറ്റ്. ആക്രമണം തുടര്‍ന്ന ഹെഡിനെയും ബുംമ്ര വീഴ്ത്തി. 160 പന്തില്‍ 152 റണ്‍സ് അടിച്ചെടുത്തായിരുന്നു ഹെഡിന്റെ മടക്കം. പിന്നാലെ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെയും ബുംമ്ര വീഴ്ത്തി. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ സിറാജ് പുറത്താക്കിയെങ്കിലും ഓസ്‌ട്രേലിയ 400 കടന്നു.
Content Highlights: India vs Australia: Smith, Head tons take AUS to 405/7 at Stumps; Bumrah picks fifer