സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ എതിരാളികളെ തകർത്തെറിഞ്ഞാണ് മുംബൈ ഓരോ മത്സരവും വിജയിച്ചത്. കലാശപ്പോരിൽ മധ്യപ്രദേശിനെ കീഴടക്കി മുംബൈ രണ്ടാം സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കി. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരത്തിൽ മുംബൈ പരാജയപ്പെട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളമാണ് മുംബൈയെ പരാജയപ്പെടുത്തിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോവയെ 26 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ ടൂർണമെന്റിന് തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ മുംബൈ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. മൂന്നാം മത്സരത്തിലാണ് മുംബൈയ്ക്ക് അടിതെറ്റിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. പുറത്താകാതെ 99 റൺസെടുത്ത സൽമാൻ നിസാറും 87 റൺസെടുത്ത രോഹൻ കുന്നുന്മലുമാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. മുംബൈയുടെ മറുപടി ഒമ്പതിന് 191 റൺസിൽ അവസാനിച്ചു. 43 റൺസിനാണ് കേരളത്തിന്റെ വിജയം.
നാലാം മത്സരത്തിൽ നാഗാലാൻഡിനെ ഏഴ് വിക്കറ്റിനും അഞ്ചാം മത്സരത്തിൽ സർവീസസിനെ 39 റൺസിനും മുംബൈ പരാജയപ്പെടുത്തി. ആൻഡ്രയെ നാല് വിക്കറ്റിനും വിദർഭയെ ആറ് വിക്കറ്റിനും പരാജയപ്പെടുത്തിയാണ് മുംബൈയുടെ സെമി പ്രവേശനം. പിന്നാലെ സെമിയിൽ ബറോഡയെ ആറ് വിക്കറ്റിനും മുംബൈ തോൽപ്പിച്ചു.
Content Highlights: SMAT Champion Mumbai was defeated by Kerala at group